പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ബംഗളൂരുവില്‍ എയര്‍ബസിന്‍റെ വമ്പൻ ടെക്‌നോളജി സെന്‍റര്‍ തുറന്നു

ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ യൂറോപ്യൻ വിമാനക്കമ്പനിയായ എയര്‍ബസ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി 5,000 പേര്‍ക്കു ജോലി ചെയ്യാവുന്ന അത്യാധുനിക ടെക്‌നോളജി സെന്‍റര്‍ തുറന്നു.

വൈറ്റ് ഫീൽഡിലെ ടൈറ്റാനിയം ടെക് പാർക്കിൽ 8.8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ടെക് സെന്‍റർ തുറന്നത്. എയർ ബസിന്‍റെ യൂറോപ്പിനു പുറത്തുള്ള ഏറ്റവും വലിയ എന്‍ജിനിയറിംഗ്-ഡിജിറ്റല്‍ കേന്ദ്രമാണിത്. എയർബസിന് നിലവിൽ 30,000ത്തിലധികം ജീവനക്കാര്‍ ഇന്ത്യയിലുണ്ട്.
‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്ത് പകരുന്ന ഈ കേന്ദ്രത്തില്‍നിന്ന് വിമാനങ്ങളുടെ രൂപകല്പന, ഗവേഷണം, സൈബര്‍ സുരക്ഷ, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും നടക്കും.

എയര്‍ബസിന്‍റെ ലോകമെമ്പാടുമുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഇനി ബംഗളൂരുവിലെ എന്‍ജിനിയര്‍മാരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും.

ഇന്ത്യയില്‍നിന്നുള്ള വിഭവസമാഹരണം എയര്‍ബസ് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ 500 മില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതു വൈകാതെ രണ്ടു ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നൂറിലധികം ഇന്ത്യന്‍ കമ്പനികള്‍ എയര്‍ബസിന് ആവശ്യമായ വിവിധ ഭാഗങ്ങള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്.

ഇന്ത്യന്‍ എന്‍ജിനിയര്‍മാരും ഡിജിറ്റല്‍ സ്‌പെഷലിസ്റ്റുകളും നിലവിലുള്ള എല്ലാ എയര്‍ബസ് വാണിജ്യ വിമാനങ്ങളിലും ഹെലികോപ്റ്റര്‍ പ്രോഗ്രാമുകളിലും‍ സഹായിക്കുന്നുണ്ട്. പുതിയ കേന്ദ്രത്തില്‍ എന്‍ജിനിയര്‍മാരും ഡിജിറ്റല്‍ വിദഗ്ധരും ചേര്‍ന്ന് പുതുതലമുറ വിമാന സാങ്കേതികവിദ്യകള്‍, സൈബര്‍ സുരക്ഷ, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ ഗവേഷണങ്ങള്‍ നടത്തും.

ബംഗളൂരുവിനെ ഒരു ആഗോള ഏവിയേഷന്‍ ഹബ്ബായി മാറ്റുന്നതില്‍ എയര്‍ബസിന്‍റെ ടെക്‌നോളജി സെന്‍റര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍റെ പ്രതീക്ഷ.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യവസായ-അടിസ്ഥാനസൗകര്യ വികസന മന്ത്രി എം.ബി. പാട്ടീലും ചേർന്ന് ടെക് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, എയർബസ് ഡിജിറ്റൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കാതറീൻ ജസ്റ്റിൻ, എയർ ബസിന്‍റെ ഇന്ത്യയിലെയും സൗത്ത് ഏഷ്യയിലെയും പ്രസിഡന്‍റും എംഡിയുമായ ജർഗൻ വെസ്റ്റർമെയ്‌ർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ ഈ കേന്ദ്രം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ജർഗൻ വെസ്റ്റർമെയ്‌ർ അഭിപ്രായപ്പെട്ടു. ബംഗളൂരു നഗരം ആഗോള വ്യോമയാന ഹബ്ബായി മാറുകയാണെന്ന് കേന്ദ്രമന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനിടെ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡി.കെ. ശിവകുമാറിനെ കേന്ദ്രമന്ത്രി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

X
Top