
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)നില്‍ അംഗമായി. കമ്പനി അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ നേട്ടം കൈവരിച്ചത്.
120ലധികം രാജ്യങ്ങളില്‍ നിന്നായി 350ഓളം വിമാന കമ്പനികളെയാണ് അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള വിമാന ഗതാഗതത്തിന്റെ 80 ശതമാനത്തിലധികമാണിത്.
900ലധികം മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തന സുരക്ഷ ഓഡിറ്റുകള്‍ (ഐഒഎസ്എ) പൂര്‍ത്തിയാക്കിയ വിമാന കമ്പനികള്‍ക്ക് മാത്രമേ അയാട്ടയില്‍ അംഗത്വം ലഭിക്കൂ.
വിമാന യാത്രകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അയാട്ടയിലെ അംഗത്വം സഹായകരമാകും.
കൂടാതെ ലോകമെമ്പാടുമുള്ള അയാട്ട ബില്ലിംഗ് ആന്റ് സെറ്റില്‍മെന്റ് പദ്ധതികളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ സജീവ പങ്കാളിയായി നിര്‍ത്തും. അയാട്ട അംഗീകൃത ട്രാവല്‍ ഏജന്റുമാരിലൂടെ ആഗോള തലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സാന്നിധ്യവും കൂടുതല്‍ ശക്തിപ്പെടുത്തും.