
ന്യൂഡൽഹി: എൻഡിടിവിയിലെ 29.18 ശതമാനം ഓഹരി വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. അദാനി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ വാങ്ങിയത്.
എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വിസിപിഎൽ വാങ്ങിയതോടെയാണ് അദാനിക്ക് എൻഡിടിവിയിലും പങ്കാളിത്തമുണ്ടായത്.
സെബി ചട്ടങ്ങൾ പ്രകാരം 26 ശതമാനം ഓഹരികൾക്ക് ഓപ്പൺ ഓഫറും അദാനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓഹരികൾ വാങ്ങിയത് കമ്പനിയുടെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് അദാനി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡ് സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.
ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരേയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന എൻഡിടിവി അതിന് ഏറ്റവും അനുയോജ്യമായ മാധ്യമമാണെന്ന് കരുതുന്നതായി സഞ്ജയ് പുഗാലിയ വ്യക്തമാക്കി.