
മുംബൈ: അദാനി ഗ്രൂപ്പ് അടുത്ത ദശകത്തിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇന്ത്യയെ നെറ്റ് എനർജി കയറ്റുമതിക്കാരാക്കി മാറ്റാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള “ഗെയിം-ചേഞ്ചിംഗ്” പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ശതകോടിശ്വരൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗ്രൂപ്പ് പുതിയ നിക്ഷേപത്തിന്റെ 70 ശതമാനവും ഊർജ പരിവർത്തന മേഖലയ്‌ക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായി നീക്കിവച്ചിട്ടുണ്ടെന്നും. തങ്ങൾ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലെയറാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കമ്പനിയാണ് അദാനി ന്യൂ ഇൻഡസ്ട്രീസ്.
പുനരുപയോഗ ഊർജ മേഖലയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുക എന്നതാണ് തങ്ങളുടെ പ്രതിബദ്ധത എന്നും. ഇതിലൂടെ സംയോജിത ഹൈഡ്രജൻ അധിഷ്ഠിത മൂല്യ ശൃംഖല സ്ഥാപിക്കുമെന്നും സിംഗപ്പൂരിൽ നടന്ന ഫോർബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിൽ അദാനി പറഞ്ഞു.
കമ്പനിയുടെ നിലവിലുള്ള 20 GW റിന്യൂവബിൾസ് പോർട്ട്‌ഫോളിയോയ്‌ക്ക് പുറമേ, 100,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 45 GW ഹൈബ്രിഡ് പുനരുൽപ്പാദിപ്പിക്കാവുന്ന ഉർജ്ജ ശേഷി വഴി ബിസിനസ്സ് വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായും. നിക്ഷേപത്തിലൂടെ സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് മൂന്ന് ഗിഗാ ഫാക്ടറികൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമ്പനി നിലവിൽ 10 GW സിലിക്കൺ അധിഷ്ഠിത ഫോട്ടോ-വോൾട്ടായിക് മൂല്യ ശൃംഖല നിർമ്മിക്കുന്ന പ്രക്രിയയിലാണ്.






