ന്യൂ ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ൽ വിഭാവനം ചെയ്തിട്ടുള്ള അന്തർദേശീയവൽക്കരണത്തിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു സുപ്രധാന നീക്കം നടത്തിയിരിക്കുന്നു. യുകെയിലെ സതാംപ്ടൺ സർവകലാശാലയ്ക്ക് (UoS), ഇന്ത്യയിൽ അവരുടെ ആദ്യത്തെ കാമ്പസ് സ്ഥാപിക്കുന്നതിന് ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യ താല്പര്യപത്രം (Letter of Intent) കൈമാറി. ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ സർവകലാശാല. ഇന്ത്യയിലെ അതിൻ്റെ സാന്നിധ്യം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനം കൊണ്ടുവരികയും വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതവും അതേസമയം ആഗോള നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് സവിശേഷമായ അവസരം ഒരുക്കുകയും ചെയ്യും. വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിന് യുജിസി ചട്ടങ്ങൾക്ക് കീഴിൽ ഇന്ത്യ താല്പര്യ പത്രം നൽകുന്ന ആദ്യത്തെ വിദേശ സർവകലാശാലയാണിത്.
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്ന ആഗോള തലത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ-യുകെ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ദർശനമാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. എസ് ജയശങ്കർ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ നമ്മുടെ യുവാക്കളെ കൂടുതൽ സജ്ജരാക്കുകയും അവരിൽ ആഗോള ധാരണയുടെയും സഹകരണത്തിൻ്റെയും മനോഭാവം വളർത്തിയെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ ബ്രാൻഡിൻ്റെ ശക്തമായ ഇടപെടലുകൾ സൃഷ്ടിക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ-യുകെ കർമ്മ പദ്ധതി 2030-ൻ്റെ ഭാഗമായ ചില പ്രധാന സംരംഭങ്ങളെക്കുറിച്ചും ഡോ. ജയശങ്കർ പരാമർശിച്ചു. വിദ്യാഭ്യാസരംഗത്തെ സഹകരണം അതിൻ്റെ പ്രധാന ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
NEP 2020-ൽ വിഭാവനം ചെയ്ത ‘സ്വദേശത്ത് അന്താരാഷ്ട്രവൽക്കരണം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പാണ് ഈ സംരംഭമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ സന്ദേശത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ‘വിശ്വ-ബന്ധു’ എന്ന നിലയിൽ ഇന്ത്യ അതിൻ്റെ ആഗോള ഉത്തരവാദിത്തങ്ങളുടെ പൂർത്തീകരണത്തിന് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് വിദ്യാഭ്യാസം, നൂതനാശയം, പുരോഗതി എന്നിവയാൽ ശോഭനമായ ഭാവി കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ UoS കാമ്പസ് സൃഷ്ടിക്കുന്നത് വിദ്യാർത്ഥികൾക്ക് ആഗോള കോഴ്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനും ഇന്ത്യയിലെ പഠന അവസരങ്ങൾ വിപുലീകരിക്കുന്നതിനും ഗവേഷണം, വിജ്ഞാന കൈമാറ്റം, സംരംഭം, ഇടപെടലുകൾ എന്നിവയ്ക്കും പ്രയോജനകരമാകും. ബിസിനസ് ആൻഡ് മാനേജ്‌മെൻ്റ്, കമ്പ്യൂട്ടിംഗ്, നിയമം, എഞ്ചിനീയറിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, ബയോസയൻസസ്, ലൈഫ് സയൻസസ് എന്നീ വിഷയങ്ങളിൽ കോഴ്‌സുകൾ ഉണ്ടാകും.10 വർഷത്തേയ്ക്കുള്ള നിർദിഷ്ട കോഴ്‌സ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല സമർപ്പിച്ചു. ആദ്യ മൂന്ന് വർഷങ്ങളിൽ അവർ ഇനിപ്പറയുന്ന കോഴ്സുകൾ നടത്തും:
• ഒന്നാം വർഷം: BSc. – കമ്പ്യൂട്ടർ സയൻസ്, BSc. – ബിസിനസ് മാനേജ്‌മെൻ്റ്, BSc. – അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, BSc.- സാമ്പത്തിക ശാസ്ത്രo, MSc. – ഇൻ്റർനാഷണൽ മാനേജ്‌മെൻ്റ്, MSc. – ഫിനാൻസ്
• രണ്ടാം വർഷത്തിൽ BSc. – സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, BSc – ക്രിയേറ്റീവ് കമ്പ്യൂട്ടിംഗ്, MSc.- സാമ്പത്തികശാസ്ത്രം എന്നിവയും
• മൂന്നാം വർഷം LLB നിയമവും, B. Eng (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) എന്നിവയും പാഠ്യ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.