ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

മലയാള മാധ്യമ ലോകത്തെ മഹാരഥൻ

കേരള മാധ്യമ ലോകത്തെ അതികായനും മലയാള മനോരമ ചീഫ് എഡിറ്ററുമായിരുന്ന കെ. എം. മാത്യുവെന്ന മാത്തുക്കുട്ടിച്ചായനെ കുറിച്ചുളള ആദ്യത്തെ ഓർമ അദ്ദേഹത്തിൽ നിന്നും നിയമന ഉത്തരവ് കൈപ്പറ്റിയതാണ്. 2006ൽ മനോരമ ന്യൂസിൽ ബിസിനസ് വാർത്തകൾ കൈകാര്യം ചെയ്യുകയെന്ന ചുമതലയാണ് ലഭിച്ചത്. ചീഫ് എഡിറ്ററിൽ നിന്ന് നേരിട്ടാണ് നിയമന ഉത്തരവ് ഓരോ ജീവനക്കാരനും കൈപ്പറ്റുന്നതെന്ന് അതുവരെ കേട്ടറിവ് മാത്രമായിരുന്നു.
നേരിട്ട് ആദ്യമായി കാണുകയാണ്. ആദ്യ കൂടിക്കാഴ്ചയിൽ ബിസിനസ് വാർത്തകളുടെ രീതികളെക്കുറിച്ച് അദ്ദേഹം ചോദിച്ചു.
വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ ‘Dont hit below the belt’ എന്നാണ് അന്നദ്ദേഹം പ്രധാനമായും പറഞ്ഞത്. ആരെക്കുറിച്ച് വാർത്ത ചെയ്യുമ്പോഴും ഒരു പരിധിക്കപ്പുറത്തേക്ക് പോകരുതെന്ന് സാരം. ഓരോ വാർത്ത ചെയ്യുമ്പോഴും അത് മനസ്സിലുണ്ടായിരുന്നു.

അദ്ദേഹത്തിന് മറ്റുളളവരുമായുളള ബന്ധത്തിന്റെ ആഴമാണ് എന്നെ വ്യക്തിപരമായി സ്പർശിച്ച മറ്റൊരു കാര്യം. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല. മാത്തുക്കുട്ടിച്ചായൻ മരണപ്പെട്ടപ്പോൾ ജനസാഗരം കാണാൻ ഒഴുകിയെത്തി. ബിസിനസ്, രാഷ്ട്രീയം, കല, സാംസ്കാരികം തുടങ്ങി എല്ലാ രംഗങ്ങളിലെയും പ്രമുഖർ മാത്രമല്ല, പത്ര ഏജന്റുമാരും സാധാരണക്കാരുമുൾപ്പെടെ അവിടെയുണ്ടായിരുന്നു.
മനോരമയുടെ മുഖം എന്നതിലുപരി ജനങ്ങളുമായുളള ഇടപഴകലിലൂടെ ഉണ്ടായ ബന്ധമായിരുന്നു ആ ആൾക്കൂട്ടത്തിന് പിന്നിൽ. പത്രത്തിന്റെ ആദ്യ കാലം മുതലുളള, മലബാർ മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളിലെ പത്ര ഏജന്റുമാരെ വരെ അദ്ദേഹത്തിന് അടുത്തറിയാമായിരുന്നു. സന്ദർശകരിൽ എത്ര പ്രമുഖർക്കിടയിലും തൻ്റെ പരിചിതരായ പത്ര ഏജന്റുമാർക്ക് മാത്തുക്കുട്ടിച്ചായൻ പ്രാധാന്യം നല്കിയിരുന്നു. തുടക്കകാലം മുതലുള്ള ബന്ധമായിരുന്നു അതിനു കാരണം. എത്ര പ്രസിദ്ധീകരണങ്ങൾ ഉണ്ടെന്നോ, കോപ്പികൾ ഉണ്ടെന്നോ എന്നതൊന്നുമായിരുന്നില്ല മാനദണ്ഡം. അടുപ്പമുളള ഓരോരുത്തരോടുമുളള ബന്ധത്തിൻ്റെ നേർചിത്രം കൂടിയായിരുന്നു അദ്ദേഹത്തിന് കേരളം നൽകിയ നല്കിയ യാത്രയയപ്പ്.

പുറത്തിറങ്ങി ആദ്യദിവസം തന്നെ ‘എട്ടാമത്തെ മോതിരം’ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചു. ഒറ്റയിരിപ്പിൽ ആ രാത്രി തന്നെ. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം എന്നാണെനിക്ക് തോന്നുന്നത്. സംരംഭകർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
കുട്ടനാട്ടിലെ ഒരു കാർഷിക കുടുംബത്തിൽ വളർന്നയാളാണ് മാത്തുക്കുട്ടിച്ചായൻ. കായൽ നികത്തി നെൽകൃഷി ചെയ്തവരുടെ നാടാണത്.

പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും ക്ഷമയുടെയുമെല്ലാം പാഠങ്ങൾ പ്രൊഫണൽ ജീവിതത്തിലും മാത്തുക്കുട്ടിച്ചായൻ പകർത്തിയിട്ടുണ്ട്. കുടുംബപരമായി ആരംഭിച്ച പല പത്രങ്ങളും രാജ്യത്ത് വിജയകരമായി മുന്നേറുന്നുണ്ടെങ്കിലും ഇത്ര പ്രൊഫഷണലായി മുന്നേറുന്ന മറ്റൊരു പത്രമില്ല.

മലയാള മനോരമയുടെ ആധുനികവത്കരണം കെ. എം. ചെറിയാൻ ഉൾപ്പടെയുളള മുൻഗാമികൾ തുടങ്ങി വെച്ചതാണെങ്കിലും അത് പൂർണമായ അർത്ഥത്തിൽ നടപ്പിലാക്കിയതും മാത്തുക്കുട്ടിച്ചായനാണ്. പത്രത്തിനും ചാനലിനും പരിഷ്കാരങ്ങൾ വരുത്താൻ ആഗോള തലത്തിൽ അതി പ്രഗത്ഭരായ കൺസൾട്ടൻ്റുമാരെയാണ് പ്രയോജനപ്പെടുത്തിയിരുന്നത്. ചാനൽ തടങ്ങിയപ്പോൾ ആഗോള പ്രശസ്തരായ റിച്ചാർഡിനെയും ഐഡയേയുമാണ് അതിനായി കണ്ടെത്തിയത്. വിദേശത്ത് നിന്നുമെത്തിച്ച ഇരുവരെയും അദ്ദേഹം അതിഥികളെപ്പോലെ സൽക്കരിച്ചു ഓരോ കാര്യങ്ങൾക്കും കൂടെ നിർത്തി. ജീവനക്കാരെ പരിശീലിപ്പിച്ചത് അവരാണ്. സ്പോർട്സിന് പച്ച, ബിസിനസിന് നീല എന്നിങ്ങനെയുള്ള ആഗോള കളർ കോമ്പോയെല്ലാം അങ്ങനെയാണ് ഞാൻ ഉൾപ്പടെയുളള ജീവനക്കാർ മനസ്സിലാക്കുന്നതും. ചാനലിലെ ഗ്രാഫിക്സ്, കളർ കോമ്പോ എന്നിവയെല്ലാം ആദ്യം നടപ്പിലാക്കണം എന്ന് അദ്ദേഹത്തിന് മറ്റാരേക്കാളും നിർബന്ധമുണ്ടായിരുന്നു. അത്ര നിഷ്കർഷതയോടെയാണ് ഓരോ ഘട്ടവും കൈകാര്യം ചെയ്തിരുന്നതും. നൂതനമായ കാര്യങ്ങൾ എല്ലാം മാത്തുക്കുട്ടിച്ചായൻ തന്നെ കൊണ്ടുവന്നെന്നല്ല പറയുന്നത്. ഓരോ കാര്യത്തിലും അദ്ദേഹത്തിന് സൂക്ഷ്മശ്രദ്ധ ഉണ്ടായിരുന്നു. അതായിരുന്നു മനോരമയുടെ ബെഞ്ച്മാർക്ക്. ഗ്രാഫിക്സിന്റെയും സ്ക്രീൻ ലേഔട്ടിൻ്റെയും കളർ പാറ്റേണിന്റെയും പാഠങ്ങൾ ഞങ്ങളെല്ലാവരും പഠിച്ചത് മനോരമയിൽ നിന്നാണ്.
ദൂരദർശനിൽ പണ്ട് ‘തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു’ എന്ന് എഴുതി കാണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നത് പോലെ ഒരു ചരിത്രം മനോരമയ്ക്ക് വരരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. തുടങ്ങിയാൽ നിലയ്ക്കാതെ ഒഴുകണം എന്നായിരുന്നു ശാസന. സംഘടനാ പാടവവും ഉറച്ച തീരുമാനങ്ങൾ എടുക്കാനുളള ഇച്ഛാശക്തിയും തികച്ചും മാതൃകാപരമാണ്. തനിക്ക് ശേഷം പ്രളയമെന്നല്ല; അതെന്നും നിലനിൽക്കണം. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന നിലപാടായിരുന്നു മാത്തുക്കുട്ടിച്ചായന്റേത്.
ചെറിയ കാര്യങ്ങളിൽ പോലുമുള്ള സൂക്ഷ്മ ശ്രദ്ധ, അചഞ്ചലമായ ഈശ്വരവിശ്വാസം എന്നിവ അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചുരുക്കി അദ്ദേഹത്തെ ഒറ്റ വാക്കിൽ വിവരിക്കാൻ ആവശ്യപ്പെട്ടാൽ, ഇങ്ങനെ അവസാനിപ്പിക്കാം… ‘മഹാരഥൻ‘ !

സനിൽ എബ്രാഹം

(പ്രമുഖ മാധ്യമ പ്രവർത്തകനാണ് ലേഖകൻ. മനോരമ ന്യൂസിൽ ബിസിനസ് വാർത്തകളുടെ ചുമതല വഹിച്ചു. ഇപ്പോൾ എഐ ആൽഫ പിഎംഎസിൽ സിഎംഒ)

X
Top