മുംബൈ: പ്രാഥമിക വിപണിയിൽ നിന്നു പണം സ്വരൂപിക്കാൻ നവംബറിൽ ഇതുവരെ എത്തിയത് ഒമ്പത് കമ്പനികളാണ്. ഇതിൽ മൂന്നെണ്ണം വൻകിട കമ്പനികളും ആറെണ്ണം ചെറുകിട ഇടത്തരം സംരംഭങ്ങളുമാണ്. മാസത്തിന്റെ രണ്ടാം പകുതിയിലും ഒൻപത് കമ്പനികളാണ് ഐപിഒയ്ക്ക് തയാറെടുക്കുന്നത്.
വാൻ കിട കമ്പനികളായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി, ഇപാക്ക് ഡ്യൂറബിൾ, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്, ടാറ്റ ടെക്നോളോജിസ്, ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ എന്നീ കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങളായ ശീതൾ യൂണിവേഴ്സൽ, ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ്, ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് എന്നിവയുമാണ് വരും ദിവസങ്ങളിൽ സമാഹരണത്തിന് വിപണിയിലെത്തുക.
ഡ്രാഫ്റ്റ് പേപ്പറുകൾ അനുസരിച്ച്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് (ഫെഡ്‍ഫിന) ഇഷ്യൂവഴി 750 കോടി രൂപയുടെ പുതിയ ഓഹരികള്‍ പുറത്തിറക്കും, പ്രൊമോട്ടറായ ഫെഡറൽ ബാങ്കും ഓഹരി പങ്കാളിയായ ട്രൂ നോർത്ത് ഫണ്ടും ചേർന്ന് 7.03 കോടി ഓഹരികളും വിൽക്കും.
ഇതിൽ ഫെഡറൽ ബാങ്ക് 1.65 കോടി ഓഹരികളും ട്രൂ നോർത്ത് ഫണ്ട് 5.38 കോടി ഓഹരികളുമാണ് വിൽക്കുന്നത്. നവംബർ 22ന് ആരംഭിക്കുന്ന ഇഷ്യൂ 24ന് അവസാനിക്കും.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഡിഎ) ഐപിഒ വഴി 40.31 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിൽ വഴി ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിലുള്ള 26.88 കോടി ഓഹരികളും വിൽക്കും. നവംബർ 21ന് ആരംഭിക്കുന്ന ഇഷ്യൂ 23ന് അവസാനിക്കും.
റൂം എയർകണ്ടീഷണറുകളുടെ മുൻനിര ഔട്ട്‌സോഴ്‌സ് ഡിസൈൻ നിർമ്മാതാക്കളായ ഇപാക് ഡ്യൂറബിള്‍സ് 400 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർമാരും പ്രൊമോട്ടർ ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് വിൽക്കുന്ന 1.3 കോടി ഓഹരികളും ഇഷ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിന്റെ ഇഷ്യൂവിൽ 400 കോടി രൂപയുടെ പുതിയ ഓഹരികൾ മാത്രമാണുള്ളത്.
9.52 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ മാത്രം ഉള്‍പ്പെടുന്നതാണ് ടാറ്റ ടെക്നോളോജിസിന്‍റെ ഐപിഒ. നവംബർ 22ന് ആരംഭിക്കുന്ന ഇഷ്യൂ 24ന് അവസാനിക്കും.
ഉപഭോക്താക്കൾക്കും ആരോഗ്യ സംരക്ഷണ വ്യവസായത്തിനും വേണ്ടി വെളുത്ത എണ്ണ നിർമിച്ചു നല്‍കുന്ന ഗന്ധർ ഓയിൽ റിഫൈനറി ഇന്ത്യ 500 കോടി രൂപയുടെ സമാഹരണമാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.
ഇഷ്യൂവിൽ 357.00 കോടി രൂപയുടെ പുതിയ ഓഹരികളും 1.2 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെടുന്നു. നവംബർ 21ന് ആരംഭിക്കുന്ന ഐപിഒ 23ന് അവസാനിക്കും.