
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ അളവിലും എണ്ണത്തിലും ഡിജിറ്റല്‍ പെയ്മന്റ് ആപ്പുകളായ ഫോണ്‍പേയും ഗൂഗിള്‍പേയും കഴിഞ്ഞമാസം മുന്നിലെത്തി. മൊത്തം ഇടപാടുകളുടെ 82 ശതമാനവും ഈ ആപ്പുകള്‍ വഴിയാണ്. അതേസമയം പേടിഎം 6.9 ശതമാനം ഇടപാടുകള്‍ നടത്തി മൂന്നാംസ്ഥാനം അലങ്കരിച്ചു.
എന്‍പിസിഐ പുറത്തുവിട്ട കണക്കനുസരിച്ച് മൊത്തം 8.55 ബില്യണ്‍ ഇടപാടുകളാണ് ജൂണില്‍ നടന്നത്. ഇതില്‍ 11.99 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ അഥവാ 50 ശതമാനം ഫോണ്‍പേ വഴിയാണ് നടന്നത്. 6.54 ബില്യണ്‍ എണ്ണം അഥവാ 8.41 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയ ഗൂഗിള്‍പേ രണ്ടാമതെത്തി.
മൂന്നാംസ്ഥാനം അലങ്കരിക്കുന്ന പേടിഎം 1.27 ബില്യണ്‍ എണ്ണം അഥവാ 1.34 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. നാഷണല്‍ പെയ്മന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച ഡിജിറ്റല്‍ പെയ്മന്റ് സംവിധാനമാണ് യുപിഐ. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ കീഴിലാണ് എന്‍പിസിഐ പ്രവര്‍ത്തിക്കുന്നത്.