
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 72,300 ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് മാർഗരേഖയിറക്കി കേന്ദ്രം. പ്രധാനമന്ത്രിയുടെ 10,900 കോടിയുടെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2000 കോടിയാണ് ചാർജിങ് സ്റ്റേഷനുകള്‍ക്ക് മാറ്റിവെക്കുന്നത്.
ഓഫീസുകള്‍, താമസസ്ഥലങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി സർക്കാരിനുകീഴിലുള്ള സ്ഥലങ്ങളില്‍ ചാർജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നൂറുശതമാനവും സബ്‌സിഡി ലഭിക്കും. ഇവിടെ ചാർജിങ് സൗജന്യമായിരിക്കണം.
കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കീഴില്‍ നഗരത്തിലും ഹൈവേകളിലും സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യത്തിന് 80 ശതമാനവും സപ്ലൈ ഉപകരണത്തിന് 70 ശതമാനവുമാണ് സബ്‌സിഡി. റെയില്‍വേ സ്റ്റേഷനുകള്‍, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലെ വിമാനത്താവളങ്ങള്‍, സർക്കാർ ബസ് സ്റ്റാൻഡുകള്‍, മെട്രോ സ്റ്റേഷനുകള്‍, പാർക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഹൈവേകള്‍ക്കുപുറമേ നഗരത്തെരുവുകള്‍, ഷോപ്പിങ് മാളുകള്‍, മാർക്കറ്റ് സമുച്ചയങ്ങള്‍ എന്നിവയിലും ചാർജിങ് സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ നിർമാണത്തിന് 80 ശതമാനം സബ്‌സിഡിയുണ്ട്. ബാറ്ററി മാറ്റിയെടുക്കുന്ന (സ്വാപിങ്) സ്റ്റേഷനുകള്‍, ബാറ്ററി ചാർജിങ് സ്റ്റേഷനുകള്‍ എന്നിവയ്ക്കും അടിസ്ഥാനസൗകര്യത്തിന് 80 ശതമാനമാണ് സബ്‌സിഡി.
ചാർജിങ് സ്റ്റേഷനുകളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് നിർദേശങ്ങള്‍ സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങള്‍ നോഡല്‍ ഏജൻസികളെ ചുമതലപ്പെടുത്തണം. വളരെ മുൻഗണന നല്‍കേണ്ട സ്ഥലങ്ങള്‍ നിശ്ചയിക്കാനും നോഡല്‍ ഏജൻസികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സാണ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസി.
പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങള്‍, സ്മാർട്ട് സിറ്റികള്‍, മെട്രോ നഗരങ്ങളുമായി ബന്ധപ്പെട്ട ഉപഗ്രഹനഗരങ്ങള്‍, സംസ്ഥാന തലസ്ഥാനങ്ങള്‍, തിരക്കുള്ള ദേശീയ-സംസ്ഥാന പാതകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നീ സ്ഥലങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്.