
ദില്ലി: ഭാരതി എയർടെൽ 5ജി സ്‌പെക്‌ട്രം കുടിശ്ശികയ്‌ക്കായി 8,312 കോടി രൂപ അടച്ചു. ഷെഡ്യുൾ ചെയ്ത സമയത്തിന് മുമ്പേയാണ് എയർടെൽ കുടിശിക അടച്ചിരിക്കുന്നത്. 5G സ്പെക്ട്രം ലേലത്തിൽ ഭാരതി എയർടെൽ വിവിധ ബാൻഡുകളിലായി 43,084 കോടി രൂപ വിലമതിക്കുന്ന 19,867 മെഗാഹെർട്സ് സ്പെക്ട്രം സ്വന്തമാക്കിയിരുന്നു. ഇതിൽ 3.5 GHz, 26 GHz എന്നിവയും ചില ലോ, മിഡ് ബാൻഡുകളും ഉൾപ്പെടുന്നു. ഈ മാസം വാണിജ്യാടിസ്ഥാനത്തിൽ 5G സേവനങ്ങൾ അവതരിപ്പിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.
ലേലത്തിന് ശേഷം കമ്പനികൾ 20 തുല്യ വാർഷിക ഗഡുക്കളായി കുടിശ്ശിക അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. എന്നാൽ ഇപ്പോൾ എയർടെൽ നാല് വർഷത്തെ കുടിശ്ശിക മുൻകൂറായി അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്‌പെക്‌ട്രം കുടിശ്ശികയുടെ വേഗത്തിൽ അവസാനിപ്പിച്ച് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുങ്ങയാണെന്ന് എയർടെൽ അറിയിച്ചു. കഴിഞ്ഞ വർഷം, എയർടെൽ സ്പെക്‌ട്രം ബാധ്യതകളിൽ നിന്ന് 24,333.7 കോടി രൂപ ഷെഡ്യൂളിന് മുമ്പുതന്നെ നൽകിയിരുന്നു.
ഓഗസ്റ്റ് മുതൽ 5G സേവനങ്ങൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിനുശേഷം ഉടൻ തന്നെ പാൻ-ഇന്ത്യ ലെവലിൽ സേവനങ്ങൾ വ്യാപിപ്പിക്കുമെന്നും എയർടെൽ അറിയിച്ചു. നെറ്റ്‌വർക്ക് കരാറുകൾക്കായി കമ്പനി എറിക്‌സൺ, നോക്കിയ, സാംസങ് എന്നിവയുമായി ചേർന്നു പ്രവർത്തിച്ചേക്കും.
വോഡാഫോണ്‍ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്.