
ന്യൂഡൽഹി: ഇന്ത്യയുടെ കാർഷിക, സംസ്കരിച്ച ഭക്ഷ്യോത്‌പന്ന കയറ്റുമതി നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 14 ശതമാനം മുന്നേറി. പ്രോസസ്ഡ് ഫുഡ്സ് (സംസ്കരിച്ച ഭക്ഷ്യോത്‌പന്നങ്ങൾ) കയറ്റുമതി വളർച്ച മാത്രം 36.4 ശതമാനമാണ്. മുൻവർഷത്തെ സമാനകാലയളവിലെ 525.6 കോടി ഡോളറിൽ നിന്ന് 597.8 കോടി ഡോളറിലേക്കാണ് നടപ്പുവർഷം ആദ്യപാദത്തിൽ കാർഷിക കയറ്റുമതി വർദ്ധിച്ചതെന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ) വ്യക്തമാക്കി.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കോട്ടൺ, സമുദ്രോത്‌പന്നങ്ങൾ എന്നിവ ഒഴികെയുള്ള കാർഷികോത്‌പന്നങ്ങളാണ് അപെഡ പരിഗണിക്കുന്നത്. പഴം, പച്ചക്കറി കയറ്റുമതി 64.2 കോടി ഡോളറിൽ നിന്ന് 8.6 ശതമാനം ഉയർന്ന് 69.7 കോടി ഡോളറായി. ധാന്യങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യോത്‌പന്ന കയറ്റുമതി വളർച്ച 23.7 കോടി ഡോളറിൽ നിന്ന് 30.6 കോടി ഡോളറിലേക്കായിരുന്നു. മാംസം, പാലുത്‌പന്ന വിഭാഗം 102.3 കോടി ഡോളറിൽ നിന്ന് 112 കോടി ഡോളറിലേക്കും വരുമാനം മെച്ചപ്പെടുത്തി; വർദ്ധന 9.5 ശതമാനം. അരി കയറ്റുമതിയിൽ 13 ശതമാനവും മറ്റ് ധാന്യകയറ്റുമതിയിൽ 29 ശതമാനവുമാണ് വളർച്ച.
നടപ്പുവർഷം (2022-23) കാർഷിക, ഭക്ഷ്യോത്‌പന്ന കയറ്റുമതിയിലൂടെ അപെഡയ്ക്ക് കീഴിൽ കേന്ദ്രം ലക്ഷ്യമിടുന്ന വരുമാനം 2,356 കോടി ഡോളറാണ്. ഇതിന്റെ 25 ശതമാനം ആദ്യപാദത്തിൽ നേടിക്കഴിഞ്ഞു. ആദ്യപാദത്തിലെ ലക്ഷ്യം 589 കോടി ഡോളറായിരുന്നെങ്കിലും 597.8 കോടി ഡോളർ ലഭിച്ചു.