
ന്യൂഡൽഹി: ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നികുതിനിരക്ക് മാറ്റം നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേർന്നു. കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധന, വാണിജ്യ, വ്യവസായ, ഘനവ്യവസായ, ടെക്‌സ്‌റ്റൈൽസ്, രാസവള, സൂക്ഷ്‌മ–ചെറുകിട–ഇടത്തരം സംരഭക മന്ത്രാലയങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇൗ മാസം 22 മുതൽ നികുതിനിരക്ക് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ, വിവിധ മേഖലകളിൽനിന്നും ഉയർന്നിട്ടുള്ള പരാതികളും ആശങ്കകളും യോഗം ചർച്ച ചെയ്‌തു.
ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽസ്, രാസവളം ഉൾപ്പടെയുള്ള മേഖലകളിൽനിന്നും വലിയ പരാതികളുണ്ട്. നികുതിനിരക്ക് മാറ്റം പ്രഖ്യാപിക്കുന്നതിന് മുന്പ് ഡീലർമാർ ഉയർന്ന നികുതിയും നഷ്ടപരിഹാര സെസും നൽകി വാങ്ങിയ യാത്രാവാഹനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഓട്ടോമൊബൈൽ മേഖലയിൽനിന്നുള്ള പ്രധാന ആവശ്യം. സെസ് ഇനത്തിൽ മാത്രം ഡീലർമാർക്ക് 2500 കോടിയിലധികം നഷ്ടമുണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേേഷൻ (എഫ്‌എഡിഎ) പറയുന്നു. അസംസ്‌കൃത വസ്‌തുക്കളുടെ നികുതി ഉൽപ്പന്നത്തിന്റെ നികുതിയെക്കാൾ കൂടുന്നതിന്റെ വൈരുധ്യവും ചർച്ചയായി.