
മുംബൈ: സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളായ ക്രിസാക്ക് ലിമിറ്റഡിന് ബുധനാഴ്ച മികച്ച ലിസ്റ്റിംഗ്. 14.69 ശതമാനം പ്രീമിയത്തില്‍ എന്‍എസ്ഇയില്‍ 281.05 രൂപയിലും ബിഎസ്ഇയില്‍ 280 രൂപയിലുമാണ് ഓഹരികള്‍ എത്തിയത്.
മാത്രമല്ല തുടക്കത്തില്‍ തന്നെ ഓഹരി 18 ശതമാനം ഉയര്‍ന്നു. നിലവില്‍ 289 രൂപയിലാണ് ട്രേഡിംഗ് നടക്കുന്നത്. 5027.25 കോടി രൂപ മൂല്യനിര്‍ണ്ണയത്തില്‍ നടന്ന ഐപിഒ 59.82 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 860 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് 154,56,79,488 ബിഡ്ഡുകളാണ് ലഭ്യമായത്. ഓഫര്‍ ചെയ്ത ഓഹരികളുടെ എണ്ണം 2,58,36,909.
നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 134.35 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ നിക്ഷേപ ഇതര സ്ഥാപനങ്ങള്‍ 76.15 മടങ്ങ് അധികവും ചെറുകിട നിക്ഷേപകര്‍ 10.24 മടങ്ങ് അധികവും അപേക്ഷ സമര്‍പ്പിച്ചു.
ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 258 കോടി രൂപ സമാഹരിക്കാനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായിരുന്നു ഐപിഒ.