
ന്യൂഡല്‍ഹി: ഓഹരി വിപണികളുടെ ചുവട് പിടിച്ച് ക്രിപ്‌റ്റോകറന്‍സികളും തകര്‍ച്ച വരിച്ചു. കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോകാനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് അപകട സാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്നും ആളുകളെ അകറ്റുന്നത്. വെള്ളിയാഴ്ച ജാക്‌സണ്‍ ഹോളിലെ പ്രസംഗത്തിലാണ് യു.എസ് ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സികള്‍ കൂപ്പുകുത്തി. ജൂലൈ 18 തൊട്ട് 1 ട്രില്ല്യണ്‍ ഡോളറിന് മുകളിലായിരുന്ന വിപണി മൂല്യം നിലവില്‍ 1.54 ശതമാനം ഇടിവ് നേരിട്ട് 953.29 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 22.80 ശതമാനം ഉയര്‍ന്ന് 66.59 ബില്ല്യണ്‍ ഡോളറിലെത്തി.ഇതില്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.23 ബില്ല്യണ്‍ ഡോളര്‍ അഥവാ 6.35 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 61.27 ബില്ല്യണ്‍ അഥവാ 92.01 ശതമാനവുമാണ്.
ജനുവരി 2021 ന് ശേഷം ജൂണ്‍ രണ്ടാം വാരമാണ് വിപണിമൂല്യം ആദ്യമായി 1 ട്രില്ല്യണ്‍ ഡോളറിന് താഴെയെത്തിയത്. 3.1 ട്രില്ല്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നാണ് മൂല്യം 900 ബില്ല്യണ്‍ ഡോളറിലേയ്ക്ക് വീണത്. പിന്നീട് ജൂലൈ 18 ന് 4.26 ശതമാനം വര്‍ധിച്ച് മൂല്യം വീണ്ടും 1 ട്രില്ല്യണ്‍ ഡോളറിന് മുകളിലായി.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 1.05 ശതമാനം ഇടിവ് നേരിട്ട് 19,823.99 ഡോളറിലാണുള്ളത്. കഴിഞ്ഞ ഏഴ് ദിവസത്തില്‍ 6.33 ശതമാനം തകര്‍ച്ചയാണ് ബിടിസി നേരിട്ടത്. മറ്റ് ക്രിപ്‌റ്റോകളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 39.83 ശതമാനമാണ്.
0.22 ശതമാനം ഉയര്‍ച്ചയാണിത്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 2.69 ശതമാനം ഇടിവ് നേരിട്ട് 1,449.46 ഡോളറിലെത്തി. കഴിഞ്ഞ ഒരാഴ്ചയില്‍ 7.36 ശതമാനം തകര്‍ച്ചയാണ് ഇടിഎച്ചിനുണ്ടായത്.ബിഎന്‍ബി-274.77 ഡോളര്‍ (1.45 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3204 ഡോളര്‍ (4.16 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4331 ഡോളര്‍ (3.09 ശതമാനം ഇടിവ്), സൊലാന-30.64 ഡോളര്‍ (3.23 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06169 ഡോളര്‍ (3.15 ശതമാനം ഇടിവ്), പൊക്കോട്ട്-6.95 ഡോളര്‍ (1.74 ശതമാനം ഇടിവ്),അവലാഞ്ച് -17.97 ഡോളര്‍ (9.86 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






