
മുംബൈ: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധനവ് തുടരുന്നു. വെള്ളിയാഴ്ച 2 ശതമാനം നേട്ടമുണ്ടാക്കിയ ശേഷം തിങ്കളാഴ്ചയും വിലയില്‍ ഉയര്‍ച്ചയുണ്ടായി. റഷ്യയ്ക്കെതിരായ യുഎസ് ഉപരോധം അന്തര്‍ദ്ദേശീയ വിപണിയില്‍ ക്ഷാമമുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് വിലവര്‍ധനവിന് പിന്നില്‍.
അതേസമയം സൗദി അറേബ്യ ഉത്പാദനം വര്‍ദ്ധിപ്പിച്ചതും താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും കൂടുതല്‍ വര്‍ധനവ് തടഞ്ഞു. ബ്രെന്റ് ക്രൂഡ് അവധി 8 സെന്റ് ഉയര്‍ന്ന് 70.44 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്വര്‍ 5 സെന്റ് ഉയര്‍ന്ന് 68.50 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.
ഇരു സൂചികകളും വെള്ളിയാഴ്ച 2.50 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. യുക്രെയ്നിലേക്ക് പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകള്‍ അയക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. റഷ്യയെക്കുറിച്ച് ഒരു ‘പ്രധാന പ്രസ്താവന’ തിങ്കളാഴ്ചയുണ്ടാകുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്കി.
തുടര്‍ന്നാണ് എണ്ണവില ഉയര്‍ന്നത്. യുക്രൈന് നഗരങ്ങളില്‍ റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളില്‍ നിരാശ പ്രകടിപ്പിച്ച ട്രമ്പ് പക്ഷെ റഷ്യയ്ക്കെതിരായ ഉപരോധ ബില്ലില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല.