ഈ അടുത്ത സമയത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയിൽ നിന്ന് 100 മെട്രിക് ടൺ സ്വർണശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വളരെ രഹസ്യമായിരുന്നു ഈ ഇടപാട്. സ്വർണം ഇന്ത്യയിൽ എത്തിയ ശേഷമാണ് ഇക്കാര്യം പുറംലോകം പോലും അറിഞ്ഞത്.
1991നു ശേഷം രാജ്യം നടത്തിയ എറ്റവും വലിയ സ്വർണ ഇടപാടുകളിൽ ഒന്നായിരുന്നു ഇത്.
വർഷങ്ങളായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണം എന്തുകൊണ്ട് ആർബിഐ പെട്ടെന്ന് ഇന്ത്യയിലേയ്ക്ക് എത്തിച്ചുവെന്നതായിരുന്നു പലരെയും കുഴപ്പിച്ചത്.
വിദേശനാണയ പ്രതിസന്ധി മറികടക്കാൻ സ്വർണത്തിന്റെ ഗണ്യമായ ഒരു ഭാഗം പണയം വെച്ചത്, അവ നിലവറകളിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നതിന് കാരണമായെന്നു പറയപ്പെടുന്നു. എന്നാൽ ഈ സ്വർണ നീക്കത്തിനുള്ള കാരണം ആർബിഐ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
നിലവിൽ രാജ്യത്ത് തന്നെ സ്വർണം സൂക്ഷിക്കാൻ ആവശ്യത്തിന് സംഭരണ ശേഷിയുണ്ടെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രതികരണം. വിഷയത്തിൽ അതിൽ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ വിദേശങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് വളരെക്കാലമായി നിശ്ചലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമീപ വർഷങ്ങളിൽ ആർബിഐ അതിന്റെ കരുതൽ ശേഖരത്തിന്റെ ഭാഗമായി സ്വർണം വാങ്ങിക്കൂട്ടുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ ഇ്ന്ത്യയ്ക്ക് ആഭ്യന്തര സംഭരണ ശേഷിയുണ്ട്. അതിനാൽ വിദേശത്തു സൂക്ഷിച്ചിരുന്നു സ്വർണത്തിന്റെ ഒരുഭാഗം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
സ്വർണം വിദേശത്ത് സൂക്ഷിക്കുന്നതിനു റിസർവ് ബാങ്കിന് ഗണ്യമായ ചെലവുകൾ ഉണ്ടായിരുന്നു. സ്‌റ്റോറേജ്, സുരക്ഷ എന്നിവയ്ക്കായി കേന്ദ്രബാങ്ക് വർഷംതോറും വലിയ തോതിൽ പണം ചെലവഴിച്ചിരുന്നു.
നിലവിൽ 100 ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ചതോടെ ഈ ചെലവിൽ വലിയ നേട്ടം കൈവരിക്കാൻ റിസർവ് ബാങ്കിന് സാധിക്കും.
2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്വർണശേഖരം 27.46 മെട്രിക് ടൺ വർദ്ധിച്ചെന്നു ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഇന്ത്യയിടെ സ്വർണശേഖരം 822 മെട്രിക് ടൺ ആണ്. അതേസമയം ഇന്ത്യയുടെ കൈവശമുള്ള സ്വർണത്തിന്റെ ഗണ്യമായ ഭാഗം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.
100 ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ചതോടെ, പ്രാദേശികമായി സംഭരിച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തത്തിലുള്ള അളവ് 408 മെട്രിക് ടൺ ആയി.
അതായത് പുതിയ നീക്കത്തിലൂടെ പ്രാദേശികവും, വിദേശവുമായി കൈവശം വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് ഇപ്പോൾ ഏതാണ്ട് തുല്യമായി.