ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തില്‍ 15.88 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലെ 15.08 ശതമാനം എന്ന തോതില്‍ നിന്നാണ് മെയില്‍ 15.88 ശതമാനമായി മൊത്തവില സൂചിക പണപ്പെരുപ്പം വര്‍ധിച്ചത്. ഇതോടെ തുടര്‍ച്ചയായ 14 മാസത്തില്‍ മൊത്തവില സൂചിക പണപ്പെരുപ്പം രണ്ടക്കം കടന്നു.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പണപ്പെരുപ്പം ആദ്യമായി 10.74 ശതമാനമായത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് മെയ് മാസത്തില്‍ 7.04 ശതമാനമായി താഴ്ന്നിരുന്നു. ഏപ്രിലിലിത് 7.79 ശതമാനമായിരുന്നു.
പച്ചക്കറിയുടെ മൊത്തവില വര്‍ധവാണ് സൂചികയെ ഉയര്‍ത്തിയത്. പച്ചക്കറി മൊത്തവില സൂചിക മെയ് മാസത്തില്‍ 56.36 ശതമാനവും ഏപ്രിലില്‍ 23.24 ശതമാനവുമായി ഉയര്‍ന്നു. ഭക്ഷ്യവില സൂചികയാകട്ടെ മെയ് മാസത്തില്‍ 10.89 ശതമാനമായാണ് വര്‍ധിച്ചത്.
ഏപ്രിലില്‍ ഇത് 8.88 ശതമാനമായിരുന്നു.അതേസമയം ഉത്പാദന ചരക്കുകളുടെ വിലയില്‍ കുറവുണ്ടായി. മെയ് മാസത്തില്‍ ഇത് 10.11 ശതമാനം മാത്രമാണ്. ഏപ്രിലില്‍ ഉത്പാദനചരക്കുകളുടെ വിലവര്‍ധന 10..85 ശതമാനമായിരുന്നു.
ഭക്ഷ്യഎണ്ണവില 15.05 ശതമാനത്തില്‍ നിന്നും 11.41 ശതമാനമായി കുറഞ്ഞതാണ് ഉത്പാദനചരക്ക് വിലവര്‍ധന കുറച്ചത്. അതോടൊപ്പം അടിസ്ഥാന ലോഹങ്ങളുടെ വില 24.81 ശതമാനത്തില്‍ നിന്നും 18.88 ശതമാനമായി കുറഞ്ഞതും രക്ഷയായി. ഇന്ധന, ഊര്‍ജ്ജ സൂചിക മെയ് മാസത്തില്‍ 40.62 ശതമാനമായി.
ഏപ്രിലില്‍ ഇത് 38.66 ശതമാനമായിരുന്നു. ഈവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 5.7 ശതമാനത്തില്‍ നിന്നും 6.7 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ആഗോള ചരക്ക് വിലവര്‍ധവിന്റെ പശ്ചാത്തലത്തില്‍ റിപ്പോനിരക്ക് 50 ബേസിസ് പോയിന്റുയര്‍ത്താനും ആര്‍ബിഐ തയ്യറായി. മെയ് മാസത്തില്‍ കേന്ദ്രബാങ്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. നിലവില്‍ 4.90 ത്തിലാണ് റിപ്പോനിരക്കുള്ളത്.