
മുംബൈ: ഇന്ത്യയിലുടനീളം ഏഴ് പുതിയ ഇൻകുബേഷൻ സെൻ്ററുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ്സ് സംരംഭത്തിന് കീഴിലുള്ള സമർപ്പിത സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് പ്രഖ്യാപിച്ചു.
മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിൽ നിലവിലുള്ള സൗകര്യത്തിന് പുറമേയാണിത്. ഇതാദ്യമായാണ് AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്,ഗെയിമിംഗ്,കോമിക്സ്), XR (എക്സ്റ്റൻഡഡ് റിയാലിറ്റി) എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ആക്സിലറേറ്റർ-കം-ഇൻകുബേറ്റർ പ്രോഗ്രാം രാജ്യത്ത് നടപ്പിലാക്കുന്നത്.
ഏഴ് പുതിയ കേന്ദ്രങ്ങൾ:
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC), IIMC ജമ്മു, IIMC ധെങ്കനാൽ(ഒഡീഷ), IIMC കോട്ടയം(കേരളം), IIMC അമരാവതി(മഹാരാഷ്ട്ര), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) പൂനെ (മഹാരാഷ്ട്ര), സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI), കൊൽക്കത്ത (പശ്ചിമ ബംഗാൾ) എന്നീ ഏഴ് സ്ഥാപനങ്ങളിലാണ് പുതുതായി പ്രഖ്യാപിച്ച കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ഈ ഇൻകുബേഷൻ ശൃംഖല ആരംഭിക്കുന്നതോടെ IICT, FTII, SRFTI, പങ്കാളികളായ മറ്റ് ഇൻകുബേറ്ററുകൾ എന്നിവയിലൂടെ ചലച്ചിത്ര നിർമ്മാണം, ഗെയിം ഡെവലപ്‌മെൻ്റ് , എഡിറ്റിംഗ്, ടെസ്റ്റിംഗ് എന്നിവയ്‌ക്കുള്ള നൂതന സൗകര്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
മുംബൈയിലെ IICT ഇൻകുബേറ്ററിൽ 8K റെഡ് റാപ്‌റ്റർ വിസ്റ്റ വിഷൻ ക്യാമറ, ഡോൾബി അറ്റ്‌മോസ് സംവിധാനത്തോടെയുള്ള 4K HDR പ്രിവ്യൂ തിയേറ്റർ, ഉയർന്ന പ്രകടനക്ഷമതയുള്ള ഏലിയൻവെയർ വർക്ക്‌സ്റ്റേഷനുകൾ, LED ഭിത്തികളുള്ള അത്യാധുനിക വെർച്വൽ പ്രൊഡക്ഷൻ സ്റ്റേജ്, ഫോട്ടോഗ്രാമെട്രി സിസ്റ്റങ്ങൾ, പ്രൊഫഷണൽ സൗണ്ട്, കളർ-മിക്സ് തിയേറ്ററുകൾ, 4K HDR എഡിറ്റ് സ്യൂട്ടുകൾ, VR ടെസ്റ്റിംഗ് കിറ്റുകൾ, ഏറ്റവും പുതിയ ഗെയിമിംഗ് കൺസോളുകൾ തുടങ്ങിയ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ആഗോള നിലവാരത്തിലുള്ള സിനിമ, ഗെയിമിംഗ്, ഇമ്മേഴ്‌സീവ് മീഡിയ എന്നിവയിലെ ഉള്ളടക്കം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും സാധുത ഉറപ്പാക്കാനും ഈ സൗകര്യങ്ങൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുന്നു. വേവ്എക്സിന് കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഈ സൗകര്യങ്ങൾ ഓൺ-സൈറ്റ് രീതിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപയോഗിക്കാൻ കഴിയും.
പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വിവാടെക് (പാരീസ്), ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (യു.എസ്.എ) പോലുള്ള അഭിമാനകരമായ ആഗോള സ്റ്റാർട്ടപ്പ് ഇവൻ്റുകളിൽ അന്താരാഷ്ട്ര തലത്തിൽ തങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും.