
കൊച്ചി: മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. ഫീഡര്‍ ബസുകള്‍ ആരംഭിച്ചതോടെ കൊച്ചി മെട്രോയുടെ അനുബന്ധ സേവനമായ വാട്ടര്‍ മെട്രോയുടെ വരുമാനവും കൂടുകയാണ്. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ജനുവരി 15 നാണ് ഫീഡര്‍ ബസുകള്‍ കൊച്ചി മെട്രോ അവതരിപ്പിക്കുന്നത്.
33 സീറ്റുകളുളള ഇലക്ട്രിക് ബസുകളാണ് അവതരിപ്പിച്ചത്. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയർപോർട്ട് വരെയും, കളമശ്ശേരി മുതല്‍ മെഡിക്കൽ കോളേജ് വരെയും, കളമശ്ശേരി മുതല്‍ കുസാറ്റ് വരെയും, കളമശ്ശേരി മുതല്‍ ഇൻഫോപാർക്ക് വരെയും, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ മുതല്‍ ഇൻഫോപാർക്ക്, കളക്ടറേറ്റ് വരെയുമാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ഫീഡര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചതോടെ കൊച്ചി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കൂടുതല്‍ മെച്ചം ഉണ്ടായിരിക്കുന്നത് വാട്ടര്‍ മെട്രോയ്ക്കാണ്. വാട്ടര്‍ മെട്രോ ഉപയോഗിക്കുന്ന ആളുകള്‍ വര്‍ധിച്ചു വരികയാണ്.
വൈറ്റില-കാക്കനാട് റൂട്ടിൽ വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് അടക്കമുളള ഓഫീസുകളിലേക്ക് എറണാകുളം ഭഗത്തു നിന്ന് പോകുന്നവര്‍ കൂടുതലായും വാട്ടര്‍ മെട്രോയെ ആശ്രയിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഫീഡര്‍ ബസുകള്‍ ആരംഭിച്ചതോടെ ആളുകള്‍ക്ക് എളുപ്പത്തില്‍ വൈറ്റിലയിലേയും കാക്കനാട്ടെയും വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ എത്താന്‍ സാധിക്കുന്നു. ശരാശരി ഈ റൂട്ടില്‍ 1,400 മുതല്‍ 1,600 വരെ യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്.
ഓരോ 20 മിനിറ്റിലും ഒരു ബോട്ട് എന്ന നിലയിൽ സർവീസ് ഇടവേള വര്‍ധിപ്പിക്കാനും അധികൃതര്‍ക്കായി.
ഇ-ഫീഡർ ബസ് സർവീസുകളിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 6,000 ആയി ഇപ്പോൾ വര്‍ധിച്ചിട്ടുണ്ട്. ഹൈക്കോടതി-എംജി റോഡ് റൂട്ടിലും ഹൈക്കോടതി- വെല്ലിംഗ്ടണ്‍ ഐലന്റ്-മട്ടാഞ്ചേരി റൂട്ടിലും ഫീഡര്‍ ബസുകള്‍ ആരംഭിക്കാനുളള തയാറെടുപ്പിലാണ് അധികൃതര്‍.