
മുംബൈ: ഇന്ത്യയിലെ മൂന്നാമത്ത വലിയ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍ ഐഡിയ 5,000 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി കമ്പനി കടവിപണിയെ ആശ്രയിക്കും.
ഗ്രൂപ്പ് അനുബന്ധ സ്ഥാപനമായ വോഡഫോണ്‍ ഐഡിയ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആയിരിക്കും കടം സ്വരൂപിക്കുക. ജെഎം ഫിനാന്‍ഷ്യല്‍ ഉപദേഷ്ടാവായ ഇടപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍, പുനരുപയോഗ ഊര്‍ജ്ജ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ് സ്ഥാപനമാണ് വോഡഫോണ്‍ ഐഡിയ ടെലികോം ഇന്‍ഫ്രാസ്ട്രചര്‍.
ഷെഡ്യൂള്‍ ചെയ്ത സമയപരിധിയില്‍ ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും. പ്രത്യേകിച്ചും സാമ്പത്തിക സ്ഥിരത പുന: സ്ഥാപിക്കുന്നതിനുള്ള പരിശ്രമം നടത്തുന്ന സാഹചര്യത്തില്‍.
വലിയ ബാധ്യതകളിലും വിപണി നഷ്ടത്തിലും നട്ടം തിരിയുകയാണ് വര്‍ഷങ്ങളായി കമ്പനി. കൂടാത ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) ഇനത്തില്‍ സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന് സുപ്രീംകോടതി വിധിയമുണ്ട്.
നിലവില്‍ 83400 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയുടെ എജിആര്‍ കുടിശ്ശിക. ഇതില്‍ 18,000 കോടി രൂപ മാര്‍ച്ച് 2026 നകം അടച്ചുതീര്‍ക്കേണ്ടതുണ്ട്. സെപെക്ട്രം തുകയുള്‍പ്പടെ കമ്പനി സര്‍ക്കാറിന് നല്‍കാനുള്ളത് ഏകദേശം 2 ട്രില്യണ്‍ രൂപ വരും.
സര്‍ക്കാര്‍ 53083 കോടി രൂപയുടെ ബാധ്യത ഇതിനോടകം ഇക്വിറ്റികളാക്കി മാറ്റി. 49 ശതമാനം പങ്കാളിത്തത്തോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയാണ് നിലവില്‍ സര്‍ക്കാര്‍.






