ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വളർന്ന് വിഴിഞ്ഞം

  • വരുമാനം 450 കോടി കടന്നു

കൊച്ചി: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറുന്നു. വാണിജ്യ പ്രവർത്തനങ്ങള്‍ ആരംഭിച്ച്‌ എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ചരക്ക് നീക്കത്തില്‍ നിന്നുണ്ടായ വരുമാനം 450 കോടി രൂപ കടന്നു. ഇതുവരെ 448 കപ്പലുകളാണ് ചരക്കുനീക്കത്തിനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇതുവഴി 9.77 ലക്ഷം കണ്ടെയ്നറുകള്‍ തുറമുഖം കൈകാര്യം ചെയ്തു.

രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം പോർട്ടിന് കേരളത്തിലേക്ക് അവസരങ്ങളുടെ വാതായനം തുറക്കുന്നതിലും ട്രാൻസ്ഷിപ്മെന്റ് ആവാസവ്യവസ്ഥ പടുത്തുയർത്തുന്നതിലുമുള്ള സാധ്യതകള്‍ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

രണ്ടുമുതല്‍ രണ്ടരക്കോടി വരെ കണ്ടെയ്നറുകളുടെ ചരക്കുനീക്കമാണ് രാജ്യത്ത് പ്രതിവർഷം കടല്‍മാർഗം നടക്കുന്നത്. ഇതില്‍ 25 ശതമാനവും 400 മീറ്ററോളം നീളമുള്ള മദർഷിപ്പുകള്‍ അടുക്കാവുന്ന ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങള്‍ വഴിയാണ്.

മദർഷിപ്പുകള്‍ക്ക് അടുക്കാവുന്ന വിഴിഞ്ഞത്തു നിന്നാണ് ആഴമില്ലാത്ത തുറമുഖങ്ങളിലേക്ക് കണ്ടെയ്നറുകള്‍, ചെറിയ കപ്പലുകള്‍ വഴി കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നത്. ഇന്ത്യയില്‍ വിഴിഞ്ഞത്തിന് സമാനമായ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളില്ലാത്തതിനാല്‍ ട്രാൻസ്ഷിപ്മെന്റിന്റെ ഭൂരിഭാഗവും ശ്രീലങ്ക, കൊളംബോ, സിങ്കപ്പൂർ, സലാല എന്നീ പോർട്ടുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഏകദേശം 30 ലക്ഷം കണ്ടെയ്നറുകള്‍ ഇത്തരത്തില്‍ വിദേശ തുറമുഖങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി 22 കോടി ഡോളറോളം വിദേശനാണ്യത്തിന്റെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതില്‍ 15 ലക്ഷം കണ്ടെയ്നറിന്റെ ചരക്കുനീക്കം നടത്താനുള്ള ശേഷി നിലവില്‍ വിഴിഞ്ഞത്തിനുണ്ട്.

അടുത്തഘട്ട വികസനം 2028-ല്‍ പൂർത്തിയാകുന്നതോടെ 30 ലക്ഷം കണ്ടെയ്നർ ശേഷി മറികടക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, 800 മീറ്റർ നീളമുള്ള ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററായി വർധിപ്പിക്കും. ഇതോടെ 400 മീറ്റർ നീളമുള്ള നാല് മദർഷിപ്പുകള്‍ക്ക് ഒരേസമയം വിഴിഞ്ഞത്ത് അടുക്കാം.

ഇപ്പോള്‍ 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് യഥാക്രമം അറുപതും ഇരുപതും ആയി വർധിക്കുന്നതോടെ ചരക്കുനീക്കത്തിന്റെ വേഗവും കൂടും.

മള്‍ട്ടി പർപ്പസ് െബർത്ത്, ഇന്ധന ബങ്കറിങ് െബർത്ത് എന്നിവയും യാഥാർഥ്യമാകുന്നതോടെ ചരക്ക് നീക്കത്തിനുപരിയായ പ്രവർത്തന നേട്ടങ്ങളും വിഴിഞ്ഞത്തിനു സ്വന്തമാകും. റോഡ്, റെയില്‍ മാർഗമുള്ള ചരക്കുനീക്കത്തിലേക്ക് വിഴിഞ്ഞം പോർട്ട് അടുക്കുന്നതും ഈ ഘട്ടത്തിലായിരിക്കും. രണ്ടാംഘട്ട വികസനത്തിന് 10,000 കോടി രൂപ അദാനി ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്.

2034-ല്‍ തുറമുഖത്തിന്റെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം ആദ്യ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കും. പിന്നീടുള്ള ഓരോ വർഷവും ഒരു ശതമാനം എന്ന നിലയില്‍ വർധിച്ച്‌ ഇത് 40 ശതമാനത്തിലെത്തും.

ഇങ്ങനെ 40 വർഷംകൊണ്ട് സംസ്ഥാന സർക്കാരിന് 25,000 കോടി രൂപയോളം ലഭിക്കുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക്സ് സോണ്‍, പ്രോജക്‌ട്സ് ജനറല്‍ മാനേജർ സുനില്‍കുമാർ അയ്യപ്പൻ പറഞ്ഞു.

നിലവില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം മാത്രമാണ് സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്ന് ലഭിക്കുന്നത്. ഈയിനത്തില്‍ 75 കോടി രൂപ ലഭിച്ചിട്ടുണ്ട്.

X
Top