
ചെന്നൈ: വിയറ്റ്‌നാമീസ് കാര്‍നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ ആദ്യ വിദേശ ഇവി നിര്‍മ്മാണ ഫാക്ടറി തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ ആരംഭിച്ചു. വര്‍ഷം തോറും 50,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.
ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ പ്രധാന കേന്ദ്രമായി ഇന്ത്യന്‍ ഫാക്ടറിയെ മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്ലാന്റിന്റെ ശേഷി ക്രമേണ 150,000 യൂണിറ്റുകളാക്കി ഉയര്‍ത്തും.
ഇന്ത്യയുടെ ആഭ്യന്തര വിപണിയാണ് മുഖ്യലക്ഷ്യമെങ്കിലും ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ശ്രീലങ്ക, നേപ്പാള്‍,മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
2024 ല്‍ തമിഴ് നാട് സര്‍ക്കാറുമായുണ്ടാക്കിയ കരാറനുസരിച്ച് കമ്പനി ആദ്യ അഞ്ച് വര്‍ഷത്തില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. പിന്നീട് നിക്ഷേപം 2 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തും.
കമ്പനി തങ്ങളുടെ പ്രീമിയം എസ് യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവയാണ് തമിഴ് നാട് ഫാക്ടറിയില്‍ നിര്‍മ്മിക്കുക എന്നറിയുന്നു. രാജ്യത്തെ 27 നഗരങ്ങളിലായി 35 ഡീലര്‍മാരെ നിയമിക്കാനാണ് പദ്ധതി.