ചെന്നൈ: മലയാളികൾ തുടക്കമിട്ട് ചെന്നൈ ആസ്ഥാനമായി ഉത്പാദന മേഖലയിൽ (സസ്‌റ്റെയ്നബിൾ മാനുഫാക്ച്ചറിംഗ്) പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ വെന്റപ്പ് (venttup.com) യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സിൽ നിന്ന് സീഡ് ഫണ്ട് സമാഹരിച്ചു. സമാഹരിച്ച തുക എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മലയാളികളായ സന്ദീപ് നായർ, ജോസഫ് പനക്കൽ എന്നിവർ സുഹൃത്ത് മുഹമ്മദ് വസീം അങ്ക്ലിയുമായി ചേർന്ന് 2023-ലാണ് വെന്റപ്പ് ആരംഭിച്ചത്. സന്ദീപ് നായരാണ് സിഇഒ. മുഹമ്മദ് വസീം അങ്ക്ലി സിഒഒയും ജോസഫ് പനക്കൽ സിഎംഒയുമാണ്.
ചെറുകിട സംരംഭങ്ങൾക്ക് അവരുടെ ഉത്പന്നം പ്രോട്ടോടൈപ്പിൽനിന്ന് പ്രോഗ്രാം മാനേജ്‌മെന്റിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് വെന്റപ്പ്. എംഎസ്എംഎകളാണ് പ്രധാന ഉപഭോക്താക്കൾ. ബി2ബി മാർക്കറ്റ് പ്ലേസ് മാതൃകയിൽ സപ്ലൈചെയിൻ – കോൺട്രാക്ട് മാനുഫാക്‌ചറിംഗ് കമ്പനി എന്ന നിലയിലാണ് വെന്റപ്പ് പ്രവർത്തിക്കുന്നത്. ഊർജം, വൈദ്യുത വാഹനം, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ കമ്പനി ശ്രദ്ധ ചെലുത്തുന്നു.