
മുംബൈ: കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി 26 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. നാല് ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കയറ്റുമതി കണക്കുകൾ കൈവരിച്ചതായി രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകൾ വ്യക്തമാക്കുന്നു.
സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകൾ പ്രകാരം, സെപ്റ്റംബർ പാദത്തിൽ യാത്രാ വാഹന കയറ്റുമതി 23 ശതമാനം വർധിച്ച് 241,554 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 196,196 യൂണിറ്റായിരുന്നു. രണ്ടാം പാദത്തിൽ കാർ കയറ്റുമതി 20.5 ശതമാനം വർധിച്ച് 125,513 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 104,196 യൂണിറ്റായിരുന്നു.
യൂട്ടിലിറ്റി വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചു
അതുപോലെ, ജൂലൈ-സെപ്റ്റംബർ കാലയളവിൽ യൂട്ടിലിറ്റി വാഹന കയറ്റുമതി 26 ശതമാനം വർധിച്ച് 113,374 യൂണിറ്റായി. വാൻ കയറ്റുമതിയും 39 ശതമാനം വർധിച്ച് 2,667 യൂണിറ്റായി. 205,763 യൂണിറ്റുകളുടെ കയറ്റുമതിയുമായി മാരുതി സുസുക്കി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 99,540 യൂണിറ്റുകളുടെ കയറ്റുമതിയുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ രണ്ടാമത്.
ഇരുചക്ര വാഹന വിഭാഗത്തിന് ശക്തമായ ഡിമാൻഡ്
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇരുചക്ര വാഹന കയറ്റുമതി 25 ശതമാനം വർധിച്ച് 1,295,468 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,035,997 യൂണിറ്റായിരുന്നു. സെപ്റ്റംബർ പാദത്തിൽ സ്‍കൂട്ടർ കയറ്റുമതി 12 ശതമാനം വർധിച്ച് 1,77,957 യൂണിറ്റായി. മോട്ടോർ സൈക്കിൾ കയറ്റുമതി 27 ശതമാനം വർധിച്ച് 1,108,109 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,028 യൂണിറ്റായിരുന്നു. രണ്ടാം പാദത്തിൽ മോപ്പഡ് കയറ്റുമതി 9,402 യൂണിറ്റായി ഉയർന്നു.
വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും കൂടി
ഈ സാമ്പത്തിക വർഷത്തെ സെപ്റ്റംബർ പാദത്തിൽ മൊത്തം വാണിജ്യ വാഹന കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധിച്ച് 24,011 യൂണിറ്റായി. അതുപോലെ, സെപ്റ്റംബർ പാദത്തിൽ മുച്ചക്ര വാഹന കയറ്റുമതി 51 ശതമാനം വർധിച്ച് 123,480 യൂണിറ്റായി. രണ്ടാം പാദത്തിൽ മൊത്തം വാഹന കയറ്റുമതി 26 ശതമാനം വർധിച്ച് 1,685,761 യൂണിറ്റായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,335,343 യൂണിറ്റായിരുന്നു.
രണ്ടാം പാദത്തിൽ എല്ലാ വിഭാഗങ്ങളിലുമുള്ള ശക്തമായ കയറ്റുമതി വളർച്ച ഇന്ത്യൻ നിർമ്മിത വാഹനങ്ങളുടെ ബ്രാൻഡ് സ്വീകാര്യത വർദ്ധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് സിയാം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.