
ഇസ്ലാമാബാദ്: യുഎസ്–ഇറാന്‍ സമാധാന ചര്‍ച്ച പരാജയം. ഇസ്ലാമാബാദില്‍ പതിനഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍ ധാരണയിലെത്താനായില്ല. ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന്‍ യോജിക്കുന്നില്ല.
നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പരാജയപ്പെടാന്‍ കാരണം യുഎസിന്റെ കടുത്ത നിലപാടെന്ന് ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം.
ഈ സാഹചര്യത്തില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും കരാറിലെത്താതെ നിരാശനായി മടങ്ങുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം.
പതിനഞ്ചു മണിക്കൂറോളമാണ് പാക്കിസ്ഥാന്റെ മധ്യമസ്ഥതയില്‍ ഇസ്‌ലമാബാദില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ ഹോര്‍മുസ് നിയന്ത്രണങ്ങളോടെ തുറന്നെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. സൈനിക കപ്പലുകള്‍ക്ക് ഹോര്‍മുസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെയും തുടര്‍ന്നു. ഏകദേശം 15 മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചയില്‍ ഹോര്‍മുസിന്‍റെ നിയന്ത്രണം സംബന്ധിച്ച വിഷയമാണ് ചര്‍ച്ചയില്‍ പ്രതിസന്ധിയായതെന്ന് പാക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
യു.എസിന്‍റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി, സ്പീക്കര്‍ ഹമ്മദ് ബാഗേര്‍ ഗാലിബഫ് അടക്കമുള്ള നേതാക്കളുമായാണ് ഇസ്‍ലാമാബാദില്‍ നേരിട്ട് ചര്‍ച്ച നടത്തിയത്.






