ന്യൂഡൽഹി: രാജ്യത്തെ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. മെയ് മാസത്തില്‍ 10 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാസത്തെ ഇടപാടുകളുടെ എണ്ണം 5.95 ബില്യണ്‍ ആണ്. വോളിയത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ യുപിഐ ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷത്തെ കാലയളവിനേക്കാള്‍ ഇരട്ടിയിലധികമായി. 2021 മെയ് മാസത്തില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 4.91 ട്രില്യണ്‍ രൂപയായിരുന്നപ്പോള്‍ ഇടപാടുകളുടെ എണ്ണം 2.54 ബില്യണായിരുന്നു.
ഏപ്രില്‍ മാസത്തേക്കാള്‍ ഇടപാടുകളുടെ എണ്ണം ഏകദേശം ഏഴ് ശതമാനം വര്‍ധിച്ചപ്പോള്‍ മൂല്യം ഏകദേശം 6 ശതമാനം ഉയര്‍ന്നു. ഏപ്രിലില്‍ 9.83 ട്രില്യണായിരുന്നു ഇടപാടുകളുടെ മൂല്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 83.45 ട്രില്യണ്‍ രൂപയുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.
മറ്റ് പേയ്മെന്റ് സംവിധാനങ്ങളുടെ വിവരങ്ങളും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം (ഐഎംപിഎസ്) ഇടപാടുകളുടെ എണ്ണം മെയ് മാസത്തില്‍ 484.8 ദശലക്ഷമായാണ് ഉയര്‍ന്നത്. ഏപ്രിലില്‍ ഇത് 471.6 ദശലക്ഷമായിരുന്നു. മെയ് മാസത്തിലെ ഐഎംപിഎസ് ഇടപാടുകളുടെ മൂല്യം 4.5 ട്രില്യണ്‍ രൂപയായിരുന്നു. മുന്‍ മാസം 4.44 ട്രില്യണ്‍ രൂപയായിരുന്നു.
മെയ് മാസത്തില്‍ വാഹന ഉടമകള്‍ ഫാസ്ടാഗ് വഴി 43.7 ബില്യണ്‍ രൂപയാണ് കൈമാറിയത്. മുന്‍ മാസം 42.2 ബില്യണ്‍ രൂപയായിരുന്നു. ഫാസ്ടാഗ് ഇടപാടുകള്‍ 266 ദശലക്ഷത്തില്‍ നിന്ന് 285 ദശലക്ഷമായാണ് ഉയര്‍ന്നത്.