
മുംബൈ: കഴിഞ്ഞ 16 മാസത്തിനിടെ ഡിജിറ്റല്‍ സ്വര്‍ണ്ണ വാങ്ങലുകള്‍ ഇന്ത്യയില്‍ കുത്തനെ വര്‍ദ്ധിച്ചു. യുപിഐ സംവിധാനവും വില ഉയര്‍ന്നതുമാണ് കാരണം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഡാറ്റ പ്രകാരം യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴി 99.77 ദശലക്ഷം ഡിജിറ്റല്‍ സ്വര്‍ണ്ണ വാങ്ങലുകളാണ് നടന്നത്. 2024 ഏപ്രിലിലെ ഇടപാടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 377 ശതമാനം വര്‍ദ്ധന.
മൂല്യം ഇരട്ടിയിലധികം വര്‍ദ്ധിച്ച് 1184 കോടി രൂപയുടേതായി. പേയ്ടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നത്. എംഎംടിസി പിഎഎംപി, ഓഗ്മോണ്ട് ഗോള്‍ഡ്ടെക് പോലുള്ള സര്‍ട്ടിഫൈഡ് വില്‍പ്പനക്കാരുടെ സ്റ്റോക്ക്് ഈ പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നു. തനിഷ്‌ക്, സെന്‍കോ എന്നിവയുള്‍പ്പെടെ ചില ജ്വല്ലറി ബ്രാന്‍ഡുകളും ഡിജിറ്റല്‍ സ്വര്‍ണ്ണ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.
ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍, അളവ് പ്രതിനിധീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റാണ് ലഭ്യമാകുക. കസ്റ്റോഡിയന്‍മാരുടെ സുരക്ഷിതമായ നിലവറകളില്‍ ഇത് സൂക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഭൗതിക സ്വര്‍ണ്ണമായി റിഡീം ചെയ്യാനോ പണമാക്കി മാറ്റാനോ കഴിയും. മഞ്ഞലോഹത്തിന്റെ വിലവര്‍ദ്ധനവ് തോതും ഡിമാന്റ് ഉയര്‍ത്തി.
2025 ഓഗസ്റ്റില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 11021 രൂപയാണ്. മുന്‍വര്‍ഷത്തെ 7633 രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ 44 ശതമാനം വര്‍ദ്ധന. ഭാവിയില്‍ കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു.