ന്യൂഡൽഹി: സൂറിച്ച് ആസ്ഥാനമായുള്ള എമിൽ ഫ്രെ ഗ്രൂപ്പുമായി സഖ്യമുണ്ടാക്കി ടിവിഎസ് മോട്ടോർ കമ്പനി യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു . 100 വർഷം പഴക്കമുള്ള സംരംഭവും ഓട്ടോമോട്ടീവ് വിതരണത്തിലെ പ്രമുഖനുമായ എമിൽ ഫ്രേയുമായി കമ്പനി ഇറക്കുമതി, വിതരണ കരാറിൽ ഒപ്പുവച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
എമിൽ ഫ്രെയുടെ വിപുലമായ വിതരണ ശൃംഖലയും യൂറോപ്പിലെ ആഴത്തിലുള്ള വിപണി സ്ഥിതിവിവരക്കണക്കുകളും പ്രയോജനപ്പെടുത്തി ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഗോള വിപുലീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം സൂചിപ്പിക്കുന്നത് .
എമിൽ ഫ്രേയുമായുള്ള സഖ്യം ആഗോള വിപുലീകരണത്തിലെ നിർണായക ചുവടുവെപ്പാണ്., ഈ പങ്കാളിത്തത്തിലൂടെ അത്യാധുനിക ഉൽപ്പന്നങ്ങൾ യൂറോപ്യൻ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്,” ടിവിഎസ് മോട്ടോർ കമ്പനി എംഡി സുദർശൻ വേണു പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഇറക്കുമതിക്കാരും റീട്ടെയിലർമാരുമാണ് എമിൽ ഫ്രേ, മേഖലയിലുടനീളമുള്ള നിരവധി പ്രമുഖ വാഹന ബ്രാൻഡുകൾക്ക് ഇവർ സേവനം നൽകുന്നു.
പങ്കാളിത്തത്തിന്റെ ഭാഗമായി, തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ടിവിഎസ് ഉൽപ്പന്നങ്ങളുടെ വിതരണത്തിന്റെ ചുമതല എമിൽ ഫ്രെ ഗ്രൂപ്പ് സ്ഥാപനങ്ങൾ ഏറ്റെടുക്കും. അവരുടെ വിൽപ്പന, വിപണനം, സേവന ശൃംഖലകൾ എന്നിവ ഉപയോഗപ്പെടുത്തും.
യൂറോപ്പിൽ ലഭ്യമാക്കുന്ന ടിവിഎസ് ഉൽപ്പന്നങ്ങളിൽ ജൂപ്പിറ്റർ 125, എൻടോർക്, റൈഡർ, ഐക്യൂബ് എസ്, റോണിൻ, അപ്പാച്ചെ ആർആർ 310, അപ്പാച്ചെ ആർടിആർ 310 എന്നിവ ഉൾപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഭൂമിശാസ്ത്രപരമായി വ്യാപിച്ചുകിടക്കുന്ന 80-ലധികം രാജ്യങ്ങളിൽ ടിവിഎസ് മോട്ടോർ ഉൽപ്പന്നങ്ങൾ ഇതിനകം വിറ്റഴിച്ചു.