
വാഷിങ്ടണ്‍ ഡിസി: വ്യാപാര ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 155 ശതമാനം തീരുവ ചുമത്താന്‍ തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയില്‍ കൂടിയാലോചന നടത്താനിരിക്കെയാണ് ഭീഷണി.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി അപൂര്‍വ്വ ഭൗമ ധാതുക്കള്‍ വാങ്ങാനുള്ള കരാറില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. തുടര്‍ന്നായിരുന്നു പ്രതികരണം. ഓസ്ട്രേലിയയുമായുള്ള പുതിയ കരാര്‍ അപൂര്‍വ്വ ഭൗമ ധാതു ഇനത്തില്‍ ചൈനിസ് ആശ്രയത്വം കുറയ്ക്കാന്‍ യുഎസിനെ സഹായിക്കും. ഇവയുടെ കയറ്റുമതി ചൈന നിര്‍ത്തിയതിനെത്തുടര്‍ന്ന് യുഎസ് ചൈനക്കെതിരെ നൂറു ശതമാനം തീരുവ ചുമത്തിയിരുന്നു.
വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ തീരുവ യുഎസ് താല്‍ക്കാലികമായി മരവിച്ചിപ്പിച്ചിട്ടുണ്ട്. നിലവില്‍ 55 ശതമാനം തീരുവ ചൈന നല്‍കുന്നുണ്ടെന്നറിയിച്ച ട്രംപ്, വ്യാപാര കരാര്‍ സാധ്യമാകാത്ത പക്ഷം നവംബര്‍ ഒന്നുമുതല്‍ അത് 155 ശതമാനമാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
യുഎസുമായുള്ള വ്യാപാരം ദുരുപയോഗം ചെയ്ത് പല രാജ്യങ്ങളും നേട്ടമുണ്ടാക്കി. ഇനി അതിനനുവദിക്കില്ല, ട്രംപ് പറഞ്ഞു.