
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യയുമായി ഇനി വ്യാപാര ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് യുഎസ്-ഇന്ത്യ വ്യാപാര ബന്ധം വീണു.
‘ഇത് പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചകള്‍ ഇല്ല,’ എന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. വൈറ്റ് ഹൗസിലെ ഒവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ‘സെക്കന്‍ഡറി താരിഫുകള്‍ വരും, നിങ്ങള്‍ കൂടുതല്‍ കാണും’ എന്ന്് ട്രമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ബന്ധപ്പെട്ടായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
ചൈനയും മറ്റ് രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍, ‘വെറും 8 മണിക്കൂര്‍ മാത്രമാണ് കഴിഞ്ഞത്. ഇനി എന്ത് സംഭവിക്കുമെന്ന് നോക്കാം’ എന്നായിരുന്നു ട്രമ്പിന്റെ മറുപടി.
നിലവില്‍ 50 ശതമാനം താരിഫാണ് യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഇതില്‍ 25 ശതമാനം അധിക താരിഫ് 21 ദിവസത്തിനകം നിലവില്‍ വരും. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ ‘ അസാധാരാണ നടപടി’ എന്ന് വിശേഷിപ്പിച്ച യുഎസ് ഇത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നു.
അതേസമയം യുഎസിന്റെ നടപടി അന്യായമാണെന്ന് ഇന്ത്യ പ്രതികരിച്ചു. കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിട്ടുണ്ട്.