
ദില്ലി: ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു.
ഇതുവരെ സ്വീകരിച്ചതിൽ വച്ച് ഏറ്റവും വലിയ നടപടിയാണിത്. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ മൊബൈൽ ഫോൺ ഉപയോക്താക്കൾ ബ്ലോക്ക് ചെയ്യുക മാത്രമല്ല, ഔദ്യോഗിക ട്രായ് ഡിഎൻഡി ആപ്പ് വഴി സ്‌പാം കോളുകളും എസ്എംഎസും റിപ്പോർട്ട് ചെയ്യണമെന്നും ട്രായ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കഴിഞ്ഞ വർഷം കെവൈസി, ബാങ്ക് അപ്‌ഡേറ്റുകൾ, വ്യാജ ഓഫറുകൾ, സർക്കാർ തിരിച്ചറിയൽ രേഖകൾ എന്നിവ വാഗ്‌ദാനം ചെയ്‌ത് ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ച കോളർമാർക്കെതിരെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി പ്രത്യേകമായി സ്വീകരിച്ചത്.
അതേസമയം, ഒരു ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുന്നതുകൊണ്ട് മാത്രം ഈ തട്ടിപ്പുകാരെ തടയാൻ സാധിക്കില്ലെന്ന് ട്രായ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവർ നിങ്ങളെ വെറുതെ വിടുകയേ ഉള്ളൂ, പക്ഷേ മറ്റുള്ളവരെ വിളിക്കുന്നതും കബളിപ്പിക്കുന്നതും തുടരും എന്നും ടെലികോം റെഗുലേറ്റർ പറയുന്നു.
ഫോണ്‍ നമ്പറുകള്‍ വഴി തട്ടിപ്പിന് ഇരയാകുന്നവര്‍ ട്രായ് DND (Do Not Disturb) ആപ്പിൽ പരാതി നൽകണം. ഈ പ്രധാന നടപടിയുടെ പ്രാഥമിക കാരണം ഈ റിപ്പോർട്ടിംഗാണ്. പരാതിക്കാര്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറിന്‍റെ പ്രവർത്തനങ്ങൾ ട്രായ് അന്വേഷിക്കുകയും തട്ടിപ്പ് കണ്ടെത്തിയാൽ, ആ നമ്പർ എന്നെന്നേക്കുമായി വിച്ഛേദിക്കുകയും ചെയ്യും.






