
ടെസ്‌ലക്ക് യൂറോപ്യന്‍ വിപണിയില്‍ വീണ്ടും തിരിച്ചടി. ബ്രിട്ടനിലെ വില്‍പനയില്‍ ടെസ്‌ലക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37% ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ വില്‍പനയുടെ കണക്കുകള്‍ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് ട്രേഡേഴ്‌സ്(എസ്എംഎംടി) ആണ് പുറത്തുവിട്ടിരിക്കുന്നത്. ബിവൈഡി പോലുള്ള ചൈനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ടെസ്‌ലക്ക് തിരിച്ചടിയാവുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ 3,852 ടെസ്‌ലകളാണ് വിറ്റുപോയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത് 2,422 യൂണിറ്റായി കുറഞ്ഞു. അതേസമയം ബ്രിട്ടനിലെ ആകെ പുതിയ കാറുകളുടെ വില്‍പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.2%(90,100 യൂണിറ്റ്) ഉയരുകയാണുണ്ടായത്. 2004 ഫെബ്രുവരിക്കു ശേഷം കാര്‍ വില്‍പനയില്‍ ഏറ്റവും പുരോഗതി രേഖപ്പെടുത്തിയ മാസം കൂടിയാണ് കടന്നു പോവുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. പൊതുവില്‍ കാര്‍ വിപണി മികച്ച പ്രകടനം നടത്തുമ്പോഴാണ് ടെസ്‌ലയുടെ പിന്നോട്ടടി.
അതേസമയം ഈ തിരിച്ചടിയെ വ്യത്യസ്ത വാദവുമായാണ് ടെസ്‌ല നേരിടുന്നത്. ‘ടെസ്‌ലയുടെ പ്രതിമാസ രജിസ്‌ട്രേഷന്‍ കണക്കുകള്‍ യഥാര്‍ഥ വില്‍പനയുടേയോ ലഭിച്ച ഓര്‍ഡറുകളുടേയോ കൃത്യമായ പ്രതിഫലനമല്ല. വിദേശത്തുള ടെസ്‌ല ഫാക്ടറികളില്‍ നിന്നും യുകെയിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്ന രീതി കണക്കാക്കുമ്പോള്‍ പാദവാര്‍ഷിക രജിസ്‌ട്രേഷന്റെ കണക്കുകളാണ് ടെസ്‌ലയുടെ വില്‍പന വിലയിരുത്താന്‍ കൂടുതല്‍ അനുയോജ്യം’ എന്നാണ് ടെസ്‌ല വക്താവ് വിശദീകരിക്കുന്നത്.
‘ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച ബുക്കിങുകള്‍ 2024, 2025 വര്‍ഷങ്ങളിലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നാല്‍ ഈ കാറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതിനാല്‍ ഈ ഓര്‍ഡറുകള്‍ നിലവില്‍ പൂര്‍ത്തിയാക്കാത്ത കണക്കിലാണുള്ളത്’ ടെസ്‌ല വക്താവ് വ്യക്തമാക്കി.
വാഹന വിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന മറ്റൊരു ഗവേഷണ സ്ഥാപനമായ ന്യൂ ഓട്ടമോട്ടീവും സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരിയില്‍ ടെസ്‌ലയുടെ വില്‍പന പകുതിയോളം കുറഞ്ഞ് 2,208 വാഹനങ്ങളായതായിട്ടാണ് ന്യൂ ഓട്ടമോട്ടീവ് റിപ്പോര്‍ട്ട് ചെയ്തത്. ബിവൈഡിയുടെ വില്‍പനയില്‍ 40 ശതമാനം വര്‍ധനവുണ്ടായെങ്കിലും മൊത്തം വില്‍പനയില്‍ അവര്‍ ഇപ്പോഴും ടെസ്‌ലക്ക് പിന്നിലാണെന്നും ഇവരുടെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം എസ്എംഎംടിയുടെ കണക്കുകള്‍ പ്രകാരം ബിവൈഡിയുടെ വില്‍പന 83ശതമാനമാണ് കുതിച്ചുയര്‍ന്നിരിക്കുന്നത് അപ്പോഴും ആകെ വില്‍പനയില്‍ മുന്നില്‍ ടെസ്‌ല തന്നെയാണെന്ന് എസ്എംഎംടിയും സമ്മതിക്കുന്നുണ്ട്. എസ്എംഎംടിയും ന്യൂ ഓട്ടമോട്ടീവും വ്യത്യസ്ത വിവര സ്രോതസുകളേയും കണക്കുകൂട്ടല്‍ രീതിയേയുമാണ് ആശ്രയിക്കുന്നത്. ഇതാണ് രണ്ടു സ്ഥാപനങ്ങളുടേയും റിപ്പോര്‍ട്ടില്‍ വ്യത്യാസം വരാന്‍ കാരണം.






