
ബെംഗളൂരു: യുകെ നാഷണല്‍ എംപ്ലോയ്‌മെന്റ് സേവിംഗ്‌സ് ട്രസ്റ്റ് (നെസ്റ്റ്) ഡിജിറ്റലൈസ് ചെയ്യാനുള്ള 840 ദശലക്ഷം പൗണ്ട് (1.1 ബില്യണ്‍ ഡോളര്‍ ) കരാര്‍ ടിസിഎസിന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്). 10 വര്‍ഷത്തേയ്ക്കാണ് കരാര്‍. മുഴുവന്‍ വര്‍ഷത്തേയ്ക്ക് (18 വര്‍ഷം) നീട്ടുകയാണെങ്കില്‍ കാരാര്‍ മൂല്യം 1.96 ബില്യണ്‍ ഡോളറായി ഉയരും.
ഇതനുസരിച്ച് അഡ്മിനിസ്‌ട്രേഷന്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും യുകെയിലുടനീളം വിരമിക്കല്‍ സേവനങ്ങള്‍ നല്‍കാനും ടിസിഎസ് നെസ്റ്റിനെ പ്രാപ്തമാക്കും. 12 ദശലക്ഷം അംഗങ്ങള്‍ക്കും 1 ദശലക്ഷം തൊഴിലുടമകള്‍ക്കും വിവരങ്ങള്‍ ശരിയായ സമയത്ത് നല്‍കുക എന്നത് ഉത്തരവാദിത്തമാണ്. അതിനായി ബാന്‍സ് പ്ലാറ്റഫോം സ്ഥാപിക്കാനാണ് ടിസിഎസ് ഉദ്ദേശിക്കുന്നത്.
2011 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ടിസിഎസും നെസ്റ്റും. ഇന്‍ഷൂറന്‍സ് ദാതാവായ ട്രാന്‍സ്അമേരിക്കയുമായുള്ള 2 ബില്യണ്‍ ഡോളര്‍ കരാര്‍ ടിസിഎസ് കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചിരുന്നു. മോശം ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് കരാറിനെ ബാധിച്ചത്.
അതുകൊണ്ടുതന്നെ കമ്പനിയെ സംബന്ധിച്ച് ആശ്വാസകരമാണ് നെസ്റ്റുമായുള്ള ഡീല്‍. അതേസമയം 0.42 ശതമാനം താഴ്ന്ന് 3244.65 രൂപയിലാണ് ടിഎസ്എസ് ഓഹരി വ്യാഴാഴ്ചയുള്ളത്.