
ന്യൂഡല്‍ഹി: ട്രാന്‍സ് അമേരിക്കയുമായുള്ള 2 ബില്യണ്‍ ഡോളര്‍ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). വെല്ലുവിളി നിറഞ്ഞ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാണ്, കരാര്‍ അവസാനിപ്പിക്കുന്നതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി പറഞ്ഞു. 2018 ലാണ് ടിസിഎസ്, ഇന്‍ഷൂറന്‍സ് ദാതാക്കളായ ട്രാന്‍സ് അമേരിക്കയുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്.
10 ദശലക്ഷം പോളിസികള്‍ക്കായി ഏകീകൃത പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുള്ള ഡിജിറ്റൈലൈസേഷന്‍ കരാറാണ് ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയത്. ലൈഫ് ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ്, നിക്ഷേപ പരിഹാരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പോളിസികളുടെ അഡ്മിനിസ്ട്രേഷന്‍ ഒരു പുതിയ സേവന മോഡലിലേക്ക് മാറ്റുമെന്നും അതിന് ഏകദേശം 30 മാസമെടുക്കുമെന്നും ടിസിഎസ് അറിയിച്ചു. സാമ്പത്തിക നഷ്ടം എന്നതിലുപരി, കരാര്‍ അവസാനിപ്പിക്കേണ്ടി വന്നത് വൈകാരികമായി ആഘാതമാണ്, ടിസിഎസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ് ഖേംക അറിയിക്കുന്നു.
ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്. ഈ പ്രദേശങ്ങളിലെ ടെലികോം, കമ്യൂണിക്കേഷന്‍ മേഖലകള്‍ മാന്ദ്യം നേരിട്ടതോടെ അത് ഇന്ത്യന്‍ ഐടി കമ്പനികളേയും ബാധിച്ചു. ടെലികോം, കമ്യൂണിക്കേഷന്‍ മേഖലകള്‍ വലിയ തോതില്‍ ചെലവ് ചുരുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.