
ബെഗളൂരു: രാജ്യത്തെ വലിയ സോഫ്റ്റ്വെയര്‍ സേവന കമ്പനിയായ ടിസിഎസിലെ അപ്രതീക്ഷിത നേതൃമാറ്റം ദലാല്‍ സ്ട്രീറ്റിനെ അമ്പരപ്പിച്ചു. രാജേഷ് ഗോപിനാഥന്‍ കമ്പനിയുടെ സിഇഒ,എംഡി സ്ഥാനത്തുനിന്നും മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. 6 വര്‍ഷമായി നേതൃസ്ഥാനത്തുള്ള രാജേഷ് മറ്റ് താല്പര്യങ്ങള്‍ നിറവേറ്റുന്നതിനായാണ് റോള്‍ വെടിയുന്നത്.
മൊത്തത്തില്‍, 22 വര്‍ഷമാണ് രാജേഷ് ഗോപിനാഥന്‍ ടിസിഎസില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കാലയളവില്‍ കമ്പനി വരുമാനം 10 ബില്യണ്‍ ഡോളറിലധികമായി. വിപണി മൂലധനം 70 ബില്യണ്‍ ഡോളറായാണ് കൂടിയത്.
കമ്പനി വരുമാനം 2017 സാമ്പത്തിക വര്‍ഷത്തിലെ 1.18 ലക്ഷം കോടി രൂപയില്‍ നിന്ന് 2222 ല്‍ 1.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍ എബിറ്റ 53,100 കോടി രൂപയായി. യഥാക്രമം 63 ശതമാനവും 64 ശതമാനവും വര്‍ധന. അറ്റാദായം 2017-22 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 46 ശതമാനം വര്‍ധിച്ച് 38,300 കോടി രൂപയിലേയ്ക്കാണ് കുതിച്ചത്.
എബിറ്റ മാര്‍ജിന്‍ ഏകദേശം 27-28 ശതമാനം നിലവാരത്തിലും അറ്റാദായ മാര്‍ജിന്‍ 20-22 ശതമാനത്തിലും കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥിരത പുലര്‍ത്തുന്നു. ബിഎഫ്എസ്ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) ബിസിനസിന്റെ നിലവിലെ ആഗോള തലവന്‍ കെ കൃതിവാസനെ കമ്പനി സിഇഒ ആയി നിയമിച്ചിട്ടുണ്ട്.2023 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം ഈ റോള്‍ ഏറ്റെടുക്കും.
0.71 ശതമാനം താഴ്ന്ന് 3162.40 രൂപയിലാണ് നിലവില്‍ ഓഹരിയില്‍ ട്രേഡിംഗ്.