സ്ഥിരമായൊരു വരുമാനം ലഭിക്കുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും പ്രമുഖമായ വ്യവസായ സംരംഭത്തിൽ നിക്ഷേപവും സാധ്യമാക്കുന്ന, വളരെ സവിശേഷമായ ഓഹരികൾ കൈവശം വെക്കുക എന്നത് മികച്ച അവസരം തന്നെയായിരുന്നു. സൂചിപ്പിച്ചത് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരിയെ കുറിച്ചാണ്.
എന്നാൽ ഒന്നര പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്ന ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികളുടെ വ്യാപാരം അവസാനിച്ചു. കമ്പനിയുടെ മുൻകൂട്ടിയുള്ള തീരുമാന പ്രകാരമാണ് നടപടി.
ഈയൊരു പശ്ചാത്തലത്തിൽ എന്തിനാണ് ടാറ്റ മോട്ടോഴ്സ് ഡിവിആർ (BSE: 570001, NSE: TATAMTRDVR) ഓഹരികൾ പിൻവലിച്ചതെന്നും മറ്റ് വിശദാംശങ്ങളും നോക്കാം.
എന്താണ് ഡിവിആർ ഓഹരി?
സാദാ ഓഹരികളെ അപേക്ഷിച്ച് വോട്ടവകാശം കുറവുള്ളതും ഇതിനു പകരമായി താരതമ്യേന ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നതുമായ ഓഹരികളെയാണ് ഡിഫറൻഷ്യൽ വോട്ടിങ് റൈറ്റ്സ് അഥവാ ഡിവിആർ ഓഹരി എന്നു വിശേഷിപ്പിക്കുന്നത്.
നിലവിലുള്ള ഓഹരി ഉടമകളുടെ വോട്ടിങ് പവർ സംരക്ഷിച്ചുകൊണ്ട് തന്നെ കമ്പനിക്ക് ആവശ്യമായ മൂലധനം സമാഹരിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്. കമ്പനിയുടെ ആഗോള ബിസിനസ് പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപ സമാഹരണത്തിനായി 2008ൽ നടത്തിയ റൈറ്റ്സ് ഇഷ്യൂവിന്റെ ഭാഗമായാണ് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരി അനുവദിച്ചത്.
സാദാ ഓഹരികളുടെ പത്തിലൊന്ന് വോട്ടവകാശത്തോടെ അനുവദിച്ച ഈ ഡിവിആർ ഓഹരികൾക്ക് 5 ശതമാനം അധികം ഡിവിഡന്റ് നേടാനുള്ള അർഹതയുണ്ടെന്നതാണ് സവിശേഷത.
എന്തുകൊണ്ട് അവസാനിപ്പിച്ചു?
ഭാവി വളർച്ചയ്ക്ക് ഗുണകരമാകുന്ന നിലയിൽ കമ്പനിയുടെ മൂലധന ഘടന അഥവാ ക്യാപിറ്റൽ സ്ട്രക്ചർ ലഘൂകരിക്കുന്നതിനും ഉയർന്ന വളർച്ച സാധ്യതയുള്ള വൈദ്യുത വാഹന വിഭാഗത്തേയും പരമ്പരാഗത വാഹനങ്ങൾ നിർമിക്കുന്ന വിഭാഗത്തേയും അടുത്ത വർഷത്തോടെ രണ്ട് കമ്പനികളായി വേർതിരിക്കുന്നതിനുമുള്ള നടപടികൾ സുഗമമാക്കുന്നതിനും മുന്നോടിയായാണ് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികളുടെ വ്യാപാരം ഓഗസ്റ്റ് 30 മുതൽ അവസാനിപ്പിക്കുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ മൂലധന ഘടന ലഘൂകരിക്കുന്നതിനും കമ്പനിയെ വിഭജിക്കുന്നതിനുമുള്ള വമ്പൻ പദ്ധതി 2023 ജൂലൈയിൽ ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നതാണ്.
ഇതിന്റെ ഭാഗമായി ഡിവിആർ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും പിൻവലിക്കുന്നതിനും നിക്ഷേപകർക്ക് നിശ്ചിത അനുപാതത്തിൽ സാദാ ടാറ്റ മോട്ടോഴ്സ് ഓഹരികൾ പകരമായി അനുവദിക്കുന്നതിനുമുള്ള അനുമതി, ദേശീയ കമ്പനി നിയമകാര്യ ട്രൈബ്യൂണലിന്റെ (NCLT) മുംബൈ ബെഞ്ചിൽ നിന്നും ടാറ്റ മോട്ടോഴ്സിന് കിട്ടിയതിനു പിന്നാലെയാണ് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികളുടെ വ്യാപാരം സസ്പെൻഡ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവയിൽ നിന്നും ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരിയുടെ ഡീലിസ്റ്റിങ്ങിനുള്ള അനുമതി കരസ്ഥമാക്കിയിരുന്നു.
ഡിവിആർ ഓഹരികൾ മാറ്റി സാദാ ഓഹരികളായി മാറ്റുന്നതോടെ, വിവിധതരം ഓഹരികൾ നിലനിർത്തുമ്പോൾ ആവശ്യമായിരുന്ന ഭരണസംബന്ധമായ ചെലവുകൾ കുറയ്ക്കാനും കോർപറേറ്റ് ഗവേണൻസ് മെച്ചപ്പെടുത്താനും ഈ തീരുമാനം സഹായിക്കുന്നു.
അതുപോലെ ഡിവിആർ ഓഹരിയുടെ നിക്ഷേപകരെ സംബന്ധിച്ച് നേരത്തേതിനേക്കാളും ലിക്വിഡിറ്റി വർധിക്കുമെന്ന മെച്ചമുണ്ട്. ഭാവിയിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന വമ്പൻ പദ്ധതികൾ സാക്ഷാത്കരിക്കാൻ കമ്പനിക്ക് കഴിയുമെന്ന ആത്മവിശ്വാസം പ്രകടമാക്കാനും കഴിയുന്നതോടെ വിപണിയിലും നിക്ഷേപക ശ്രദ്ധയാകർഷിക്കാൻ കഴിയാം.
ഓഹരി കൈമാറ്റം എങ്ങനെ?
പത്ത് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ കൈവശം ഉള്ളവർക്ക് ഏഴ് സാദാ ടാറ്റ മോട്ടോഴ്സ് ഓഹരികൾ വീതം പകരമായി ലഭിക്കും. ഇത്തരത്തിൽ ഓഹരി കൈമാറ്റം അഥവാ ഷെയർ സ്വാപ് നടത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി 2024 സെപ്റ്റംബർ ഒന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഡിവിആർ ഓഹരികൾ പിൻവലിച്ച് സാദാ ഓഹരികൾ അനുവദിക്കുന്നതോടെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി മൂലധനത്തിൽ അഥവാ ഇക്വിറ്റി ക്യാപിറ്റൽ 4 ശതമാനം താഴും. കൂടാതെ കമ്പനിയിൽ പ്രൊമോട്ടർക്കും പ്രൊമട്ടർ ഗ്രൂപ്പിനുമുള്ള ഓഹരി വിഹിതം 3.16 ശതമാനം കുറയാനും ഈ നീക്കം ഇടവരുത്തും.
ഓഗസ്റ്റ് 27ന് ലഭ്യമായ രേഖകൾ പ്രകാരം, 92.33 ശതമാനം ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ പൊതു നിക്ഷേപകരുടെ കൈവശവും 7.67 ശതമാനം ഡിവിആർ ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പിന്റെ പക്കലുമാണുള്ളത്.
പൊതു നിക്ഷേപകരിൽ 16.09 ശതമാനം ഡിവിആർ ഓഹരികളും മ്യൂച്ചൽ ഫണ്ടുകളുടെ കൈവശമാകുന്നു.
അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരിയിൽ 86 ശതമാനവും മൂന്ന് മാസത്തിനിടെ 17 ശതമാനം വീതവും നേട്ടം രേഖപ്പെടുത്തിയിരുന്നു.