
മുംബൈ: മാതൃകമ്പനിയായ ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് സ്വതന്ത്രമാക്കിയ വൈദ്യുത വാഹന നിര്‍മ്മാണ വിഭാഗമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയെ (TPEM, Tata.ev) അടുത്ത 12-18 മാസത്തിനകം ഓഹരി വിപണിയിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമമെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
100 മുതല്‍ 200 കോടി ഡോളര്‍ വരെ (ഏകദേശം 16,000 കോടി രൂപവരെ) ഉന്നമിടുന്നതായിരിക്കും ഐ.പി.ഒ. 70-80 ശതമാനം വിപണിവിഹിതവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ.വി നിര്‍മ്മാണക്കമ്പനിയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി.
നെക്‌സോണ്‍.ഇ.വി, ടിയാഗോ.ഇ.വി എന്നിവ ശ്രദ്ധേയ പ്രകടനമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്.
അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ടി.പി.ജിയില്‍ നിന്ന് 2023 ജനുവരിയില്‍ 100 കോടി ഡോളര്‍ (8,300 കോടി രൂപ) ഫണ്ടിംഗ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി നേടിയിരുന്നു.
ഇലക്ട്രിക് വാഹനരംഗത്ത് അപ്രമാദിത്തം നിലനിറുത്താനുള്ള നടപടികള്‍ക്കായി 2026നകം 2,000 കോടി ഡോളര്‍ (16,000 കോടി രൂപ) നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ഐ.പി.ഒയ്ക്ക് ടാറ്റ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍.
ഏകദേശം 1,000 കോടി ഡോളര്‍ (10 ബില്യണ്‍ ഡോളര്‍/83,000 കോടി രൂപ) മൂല്യമാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിക്കുള്ളതെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
2023-24ല്‍ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി വഴി ടാറ്റാ മോട്ടോഴ്‌സ് വിറ്റഴിച്ചത് 53,000 ഇലക്ട്രിക് കാറുകളാണ്. 2025ല്‍ ഒരുകോടി കാറുകളാണ് ലക്ഷ്യം.