
കൊച്ചി: പുതിയ ഫുട്ബോൾ സീസണു തുടക്കമിടുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സമ്പൂർണ ‘സ്വദേശി ടീമിനെ’ കളത്തിലിറക്കാൻ സാധ്യത. ടീമിൽ നിലവിലുള്ള 3 വിദേശ താരങ്ങൾ കളിക്കാൻ സാധ്യത കുറവ്. സൂപ്പർ കപ്പിനു ശേഷം വരുന്ന ഐഎസ്എൽ മത്സരങ്ങൾക്കാകും ഇവർ രംഗത്തിറങ്ങുക.
ഒക്ടോബർ 25ന് ഗോവയിൽ ആരംഭിക്കുന്ന സൂപ്പർ കപ്പിനു മുന്നോടിയായി പ്രീ സീസൺ പരിശീലന ക്യാംപ് ഗോവയിൽ തന്നെ നടത്താനാണു ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്. അടുത്ത മാസം ആദ്യ വാരം ക്യാംപ് തുടങ്ങും. അവധിക്കാലമായതിനാൽ കളിക്കാരും പരിശീലകരുമെല്ലാം സ്വന്തം നാടുകളിലാണ്.
അവരെല്ലാം ഒക്ടോബർ ആദ്യ വാരം ഗോവയിൽ ഒത്തുചേരും. അതേസമയം, ക്യാപ്റ്റൻ അഡ്രിയൻ ലൂണയും സ്റ്റാർ വിങ്ങർ നോവ സദൂയിയും സെന്റർ ബാക്ക് കം ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറും തുടക്കത്തിൽ ടീമിനൊപ്പം ചേരില്ലെന്നാണു സൂചന. പിന്നീട്, ഇവർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചാലും സൂപ്പർ കപ്പിൽ കളിക്കില്ല.
ഐഎസ്എൽ മരവിപ്പിച്ചതിനു പിന്നാലെ ക്ലബ് വിട്ട സൂപ്പർ സ്ട്രൈക്കർ ഹെസൂസ് ഹിമനെ, ഘാനക്കാരൻ സ്ട്രൈക്കർ ക്വാമെ പെപ്ര, സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച് എന്നിവർക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ബ്ലാസ്റ്റേഴ്സ്. എന്നാൽ, ട്രാൻസ്ഫർ സമയപരിധി അവസാനിച്ചതിനാൽ മികച്ച വിദേശ താരങ്ങളെ ലഭിക്കുക എളുപ്പമാകില്ല.
ഒരു ടീമിലും ചേരാതെ ഫ്രീ ഏജന്റുമാരായ കളിക്കാരിൽ നിന്നു തിരഞ്ഞെടുപ്പു നടത്തേണ്ടിവരും. നിലവിലുള്ള വിദേശ താരങ്ങളിൽ ലൂണയുടെയും സദൂയിയുടെയും പ്രകടനത്തിൽ ക്ലബിനു സന്തോഷമുണ്ട്; ലഗാതോറിന്റെ കാര്യത്തിൽ അത്ര തൃപ്തിയില്ല. ജനുവരിയിലെ ട്രാൻസ്ഫർ സമയത്തു ലഗാതോറിനു പകരക്കാരനെ കണ്ടെത്താനും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും.