ന്യൂഡല്ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്സിഡി ഉയര്ത്താന് കേന്ദ്രമന്ത്രി സഭാ യോഗത്തില് തീരുമാനം.
ഉപഭോക്താക്കള്ക്ക് അനുവദിച്ചിരുന്ന സബ്സിഡി 200 രൂപയില് നിന്ന് 300 രൂപയാക്കി ഉയര്ത്തുമെന്ന് കേന്ദ്രമന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര് വ്യക്തമാക്കി.
പൊതുവിപണിയില് ഗാര്ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന് എടുത്തിട്ടുള്ളവര്ക്ക് 703 രൂപയ്ക്കാണ് നിലവില് സിലിണ്ടര് ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടു കൂടി സിലിണ്ടര് 603 രൂപയ്ക്ക് ലഭിക്കും.
2016-ലാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരില് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്ക്ക് പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാരംഭിച്ചത്.
കൂടുതല് ഗുണഭോക്താക്കളെ ഉള്പ്പെടുത്തി 2018ല് പദ്ധതി വിപുലീകരിച്ചു. രാജ്യത്തെ 75 ലക്ഷം ദരിദ്ര കുടുംബങ്ങളെ കൂടി പദ്ധതിയില് ഉള്പ്പെടുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ മാസം അംഗീകാരം നല്കിയിരുന്നു.