
ഒരു ഡസൻ സ്റ്റാർട് അപ്പുകൾ സെബിക്ക് രേഖകൾ സമർപ്പിച്ച് പബ്ലിക്ക് ഇഷ്യു നടത്താനായി കാത്തിരിക്കുന്നു. 18,000 കോടി രൂപയാണ് ഈ സ്റ്റാർട് അപ്പുകൾ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
ഇകോമേഴ്സ് കമ്പനിയായ മീഷോ പബ്ലിക് ഇഷ്യൂവിനു അനുമതി തേടി താമസിയാതെ സെബിക്ക് രേഖകൾ സമർപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
4250 കോടി രൂപയാണ് ഐപിഒ വഴി മീഷോ സമാഹരിക്കാൻ ഒരുങ്ങുന്നത്. എഡ്യൂക്കേഷണൽ ടെക്നോളജി സ്ഥാപനമായ ഫിസിക്സ് വാല 4000 കോടി രൂപയുടെ ഐപിഒ ആണ് നടത്തുന്നത്. ഫിൻടെക് കമ്പനികളായ പൈൻ ലാബ്സും ഗ്രോയും യഥാക്രമം 2600 കോടി രൂപയും 1735 കോടി രൂപയും സമാഹരിക്കാൻ ഒരുങ്ങുന്നു.
ബോട്ട്, വേക്ക്ഫിറ്റ്, കാപ്പിലറി ടെക്നോളജീസ്, അർബൻ കമ്പനി എന്നിവ ചെറിയ പബ്ലിക്ക് ഇഷ്യുകള്‍ നടത്താനാണ് ഒരുങ്ങുന്നത്. ആയിരം കോടി രൂപ വീതമാണ് ഈ കമ്പനികൾ സമാഹരിക്കുന്നത്. ഓഫർ ഫോർ സെയിൽ കൂടാതെയുള്ള ഓഹരി വില്പനയുടെ കണക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ഓഫർ ഫോർ സെയിൽ വഴി പ്രൊമോട്ടർമാരും ഓഹരി ഉടമകളും നടത്തുന്ന വില്പന കൂടി ഉൾപ്പെടുത്തുമ്പോൾ ഐപിഒ തുക ഉയരും. 2021ലും 2022ലുമായി സൊമാറ്റോ, പേഎടിഎം, ഡെൽഹിവറി, പി ബി ഫിൻടെക്, നൈക എന്നീ ന്യൂഏജ് കമ്പനികൾ 25000 കോടി രൂപയാണ് പബ്ലിക്ക് ഇഷ്യൂ വഴി സമാഹരിച്ചത്.
2023ലും 24ലുമായി ഇക്സിഗോ, ആഫീസ്, ബ്ലാക്ക് ബക്, മൊബിക്വിക്ക്, ഹൊനാസ കൺസ്യൂമർ എന്നീ ന്യൂ ഏജ് കമ്പനികൾ ഐപിഒ നടത്തി.