
- ഇന്ത്യ 102-ാം റാങ്കുമായി ഗുരുതര വിഭാഗത്തിൽ
ന്യൂഡൽഹി: ലോകത്ത് പട്ടിണിയേറിയ രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക പുറത്തിറങ്ങി. പട്ടികയിൽ ഏറ്റവും അവസാനം സൊമാലിയയാണ്. പതിറ്റാണ്ടുകളായുള്ള ആഭ്യന്തരസംഘർഷം, വരൾച്ച, ഭക്ഷണ. ശുദ്ധജല ദൗർലഭ്യം തുടങ്ങിയവയാണു സൊമാലിയയുടെ മോശം അവസ്ഥയ്ക്ക് കാരണം.
പട്ടിണിയുള്ള രാജ്യങ്ങളിൽ തെക്കൻ സുഡാനാണു സൊമാലിയയ്ക്കു പിന്നിൽ. കോംഗോ, മഡഗാസ്കർ, ഹെയ്റ്റി, ചാഡ്, നൈജർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, പാപുവ ന്യൂഗിനി എന്നിവയാണു സൂചികയിലെ അവസാന പത്തിലുള്ള മറ്റു രാജ്യങ്ങൾ. ഇവയിൽ ഹെയ്റ്റിയും പാപുവ ന്യൂഗിനിയും ഒഴികെ ബാക്കിയെല്ലാം ആഫ്രിക്കൻ രാജ്യങ്ങളാണ്.
127 രാജ്യങ്ങളുടെ പട്ടികയിൽ 102–ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തെക്കാൾ 3 റാങ്ക് മെച്ചപ്പെട്ടു. ചൈന (6), ശ്രീലങ്ക (61), നേപ്പാൾ (72), ബംഗ്ലദേശ് (85), പാക്കിസ്ഥാൻ (106), അഫ്ഗാനിസ്ഥാൻ (109) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ നില.






