
പൊതുമേഖലാ ബാങ്ക് ആയ പഞ്ചാബ് & സിന്ദ് ബാങ്കിന്റെ ഓഹരികള്‍ ഇന്നലെ പത്ത് ശതമാനം മുന്നേറുകയും നാല് വര്‍ഷത്തെ ഉയര്‍ന്ന വിലയായ 40.75 രൂപ രേഖപ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ നാല് ദിവസം കൊണ്ട് ഈ ഓഹരി 42 ശതമാനമാണ് ഉയര്‍ന്നത്. നവംബര്‍ 30ന് 20.80 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് ഒന്‍പത് വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ 40.75 രൂപയിലെത്തിയത്. 96 ശതമാനമാണ് ഈ ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബ് & സിന്ദ് ബാങ്കിന്റെ ഓഹരിയിലുണ്ടായ മുന്നേറ്റം.
കഴിഞ്ഞ ഒരു മാസത്തിനിടെ 125 ശതമാനമാണ് ഈ ഓഹരിയുടെ വില ഉയര്‍ന്നത്. ഇക്കാലയളവില്‍ സെന്‍സെക്‌സ് ഒരു ശതമാനം നേട്ടമാണ് കൈവരിച്ചത്. സെപ്‌റ്റംബര്‍ 29ന് പഞ്ചാബ് & സിന്ദ് ബാങ്കിന്റെ ബോണ്ടുകള്‍ക്ക് കെയര്‍ റേറ്റിംഗ് നല്‍കിയിരിക്കുന്ന റേറ്റിംഗ് നെഗറ്റീവ് എന്ന നിലയില്‍ നിന്നും സ്റ്റേബ്‌ള്‍ എന്നായി അപ്‌ഗ്രേഡ് ചെയ്‌തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പഞ്ചാബ് & സിന്ദ് ബാങ്കിന്റെ ഓഹരി വില 145 ശതമാനമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ വേറിട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്. മിക്ക പൊതുമേഖലാ ബാങ്കുകളും ആരോഗ്യകരമായ വായ്‌പാ വളര്‍ച്ച കൈവരിച്ചത് ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കി.