
ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ആശങ്കകള്‍ ലഘൂകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കറന്റ് അക്കൗണ്ട് കമ്മി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാവുന്നതും പാരാമീറ്ററുകള്ക്കുള്ളിലുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആഗോള ചരക്ക് ഡിമാന്‍ഡ് മന്ദീഭവിച്ചതാണ് കമ്മി ഉയര്‍ത്തിയത്.
എന്നാല്‍ ശക്തമായ സേവന കയറ്റുമതിയും പണമയയ്ക്കലും ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ആഗോളവത്ക്കരണ വിരുദ്ധതയുടേയും സംരക്ഷണവാദത്തിന്റെയും കാലഘട്ടത്തില്‍ ഉഭയകക്ഷി വ്യാപാര സജ്ജീകരണത്തെ ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
“ആഗോള വിതരണ ശൃംഖല താറുമാറായതോടെ ആഗോളവല്‍ക്കരണ വിരുദ്ധതയും സംരക്ഷണവാദവും പിടിമുറുക്കി. അതുകൊണ്ടുതന്നെ ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” യുഎഇയുമായും ഓസ്ട്രേലിയയുമായുമുണ്ടാക്കിയ ഉഭയകക്ഷി കരാറുകള്‍ ചൂണ്ടിക്കാട്ടി ദാസ് പറഞ്ഞു.
നവംബറിലും ഡിസംബറിലും മയപ്പെട്ടിട്ടുണ്ടെങ്കിലും കോര്‍ പണപ്പെരുപ്പം ഇപ്പോഴും തുടരുകയാണ്. രൂപ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്നും മറ്റ് ഏഷ്യന്‍ കറന്‍സികളെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴം നോക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച കുറവാണ്.
സാമ്പത്തിക വ്യവസ്ഥ ശക്തവും സുസ്ഥിരവുമായതിനാല് രാജ്യത്തിന്റെ ഭാവി ശോഭനമാണ്.