
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സെമികണ്ടക്ടര്‍ ചിപ്പ് ഏറ്റുവാങ്ങി. ഐസ്ആര്‍ഒയുടെ സെമികണ്ടക്ടര്‍ ലാബ് വികസിപ്പിച്ചെടുത്ത വിക്രം 32-ബിറ്റ് പ്രൊസസറും നാല് അംഗീകൃത പദ്ധതികളില്‍ നിന്നുള്ള ടെസ്റ്റ് ചിപ്പുകളുമാണ് സെമികോണ്‍ ഇന്ത്യ 2025 വേദിയില്‍ പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി ലഭിച്ചത്.
കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ചിപ്പുകള്‍ കൈമാറി. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വിക്രം പ്രോസസര്‍, വിക്ഷേപണ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. 2021 ല്‍ തുടങ്ങിയ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ രാജ്യപുരോഗതിയെ വേഗത്തിലാക്കുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു.
അഞ്ച് സെമികണ്ടക്ടര്‍ യൂണിറ്റുകളുടെ നിര്‍മ്മാണമാണ് പദ്ധതിയ്ക്ക് കീഴില്‍ നടക്കുന്നത്. 76,000 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീമില്‍ (പിഎല്‍ഐ) ഉള്‍പ്പെടുത്തി 23 ഡിസൈന്‍ പ്രൊജക്ടുകള്‍ക്കും ഗുജ്‌റാത്ത്, അസം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ 1.6 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള 10 സെമികണ്ടക്ടര്‍ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.
മെര്ക്കിലെ കൈ ബെക്ക്മാന്‍ പറയുന്നതനുസരിച്ച് 2030 ഓടെ ഇന്ത്യയുടെ പ്രാദേശിക സെമികണ്ടക്ടര്‍ വിപണി 100 ബില്യണ്‍ ഡോളറിലെത്തും.






