ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

ഓഹരിവില കൃത്രിമമായി പെരുപ്പിക്കുന്നത് തടയാൻ നീക്കവുമായി സെബി; ‘വ്യാജന്മാരെ’ തുരത്താന്‍ ചട്ടം പുതുക്കി

മുംബൈ: പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) നടത്തി ഓഹരി വിപണിയിലെത്തുന്ന കമ്പനികളുടെ ആദ്യ വ്യാപാര ദിനത്തില്‍ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം പരിഷ്കരിച്ച് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പുതുക്കിയ ചട്ടങ്ങൾ അടുത്ത മൂന്നുമാസത്തിന് ശേഷമേ നടപ്പാക്കുന്നുള്ളൂ എന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ലിസ്റ്റിംഗ് വില നിര്‍ണയ രീതി
രാവിലെ 9.15നാണ് ഓഹരി വിപണിയില്‍ പതിവ് വ്യാപാരം ആരംഭിക്കുന്നതെങ്കിലും അതിന് 15 മിനിട്ട് മുമ്പ്, അതായത് 9 മുതല്‍ പ്രീ-ഓപ്പണ്‍ സെഷന്‍ നടക്കാറുണ്ട്. ഓഹരികള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കാനും ഓര്‍ഡര്‍ പുതുക്കാനും റദ്ദാക്കാനുമുള്ളതാണ് ഈ 15 മിനിട്ട്.

പ്രീ-ഓപ്പണ്‍ സെഷനില്‍ ലഭിക്കുന്ന ഓര്‍ഡറുകളിലെ വിലകള്‍ അടിസ്ഥാനമാക്കിയാണ് 9.15ന് ആരംഭിക്കുന്ന പതിവ് സെഷനില്‍ ഓഹരിയുടെ അന്നത്തെ തുടക്കവില നിര്‍ണയിക്കുക.

ആദ്യമായി ലിസ്റ്റ് ചെയ്യുന്ന ഓഹരിയാണെങ്കില്‍, പതിവ് വ്യാപാരം ആരംഭിച്ച് സമയം 9.45 ആകുമ്പോഴത്തെ വിലയാണ് ലിസ്റ്റിംഗ് വിലയായി രേഖപ്പെടുത്താറുള്ളത്.

വില പെരുപ്പിക്കാന്‍ വ്യാജന്മാര്‍
ഉയര്‍ന്ന ലിസ്റ്റിംഗ് വില കിട്ടാനായി ചില കമ്പനികളുടെ ഓഹരികളില്‍ പ്രീ-ഓപ്പണ്‍ സെഷനില്‍ വ്യാജ ഓര്‍ഡറുകള്‍ ഉണ്ടാകുന്നുണ്ടെന്ന് സെബി കണ്ടെത്തിയിരുന്നു. പ്രീ-സെഷനില്‍ ഓഹരിക്ക് ഉയര്‍ന്ന വില ചിലര്‍ ഓര്‍ഡറില്‍ വാഗ്ദാനം ചെയ്യും.

പതിവ് വ്യാപാരം തുടങ്ങുന്നതിന് മുമ്പ് ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്യും. ഇങ്ങനെ ചൂണ്ടിക്കാട്ടുന്ന ഉയര്‍ന്നവില കൂടി കണക്കിലെടുത്താകും ലിസ്റ്റിംഗ് വില നിര്‍ണയം. ഫലത്തില്‍ ഓര്‍ഡറുകള്‍ റദ്ദായാലും ഓഹരിക്ക് ഉയര്‍ന്ന ലിസ്റ്റിംഗ് പ്രൈസ് നേടാം.

അത്തരം ‘വ്യാജ’ ഓര്‍ഡറുകളിലൂടെ വില കൃത്രിമമായി പെരുപ്പിക്കുന്നതിന് തടയിടുകയാണ് സെബിയുടെ ലക്ഷ്യം.

ഇനി ‘ഓട്ടോമാറ്റിക്’ ക്ലോസിംഗ്
ലിസ്റ്റിംഗ് ദിനത്തില്‍ രാവിലെ 9.45ന് രേഖപ്പെടുത്തുന്ന വില ലിസ്റ്റിംഗ് വിലയായി പരിഗണിക്കുന്ന രീതി ഇനി മാറും. ലിസ്റ്റിംഗ് വില നിര്‍ണയിക്കാന്‍ 15 മിനിട്ട് പ്രീ-ഓപ്പണ്‍ സെഷന്‍ അനുവദിക്കുന്നതിന് പകരം ഇനി രാവിലെ 9 മുതല്‍ 10 വരെ നീളുന്ന പ്രത്യേക വ്യാപാര സെഷന്‍ തന്നെ ഒരുക്കും.

ആദ്യ 45 മിനിറ്റ് ഓര്‍ഡറുകള്‍ നല്‍കാനും പുതുക്കാനും റദ്ദാക്കാനും (ഓര്‍ഡര്‍ എന്‍ട്രി സമയം) പ്രയോജനപ്പെടുത്താം. തുടര്‍ന്നുള്ള 10 മിനിട്ട് ഓര്‍ഡര്‍ പുനഃപരിശോധിച്ച് ഉറപ്പാക്കാനാണ്.

അവസാന 5 മിനിട്ട് ഈ പ്രത്യേക സെഷനില്‍ നിന്ന് പതിവ് വ്യാപാര സെഷനിലേക്ക് ഓഹരിയുടെ വ്യാപാരം മാറ്റാനുള്ള ബഫര്‍ സമയവുമാണ്.

ഓര്‍ഡര്‍ എന്‍ട്രി സമയത്തെ 35 മുതല്‍ 45 വരെയുള്ള ഏത് മിനിറ്റിലും ഇനി വ്യാപാരം ഓട്ടോമാറ്റിക്കായി അവസാനിപ്പിക്കും. എപ്പോഴാണോ ഇങ്ങനെ വ്യാപാരം നിറുത്തുന്നത്, ആ സമയത്തെ വിലയായിരിക്കും ഇനി ലിസ്റ്റിംഗ് വില.

അതായത്, വ്യാജ ഓര്‍ഡറുകളിലൂടെ വിലയെ സ്വാധീനിക്കുക ഇനി പ്രയാസമാകും. ഇതുവഴി ലിസ്റ്റിംഗ് വില പെരുപ്പിച്ച് കാട്ടുന്നത് തടയാനാകുമെന്നാണ് സെബിയുടെ വിലയിരുത്തല്‍.

വ്യാജ ഓര്‍ഡറുകളെ നിരീക്ഷിക്കും
വ്യാജ ഓര്‍ഡറുകള്‍ നിരീക്ഷിക്കാനും സെബി സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും നിക്ഷേപകന്‍ റദ്ദാക്കുന്ന ഓര്‍ഡറുകൾ മൊത്തം ഓര്‍ഡറിന്‍റെ 5 ശതമാനത്തിന് മുകളിലാണെങ്കില്‍ ഇനി സെബിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

ഒരാൾ തന്‍റെ ഓര്‍ഡറിന്‍റെ 50 ശതമാനത്തിലധികം റദ്ദാക്കിയാലും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സെബിയുടെ നിര്‍ദേശം. ഓര്‍ഡറുകള്‍ റദ്ദാക്കുന്നവരോട് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഇനി വിശദീകരണവും ചോദിക്കും.

X
Top