മുംബൈ: ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഫീസ് ഈടാക്കുന്നത്.
അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം അടിസ്ഥാനമാക്കി സ്ലാബ് തിരിച്ചാണിത്.
അതേസമയം, റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ബ്രോക്കറേജുകൾ ഫീസ് ഈടാക്കുന്നതാകട്ടെ ഓരോ ദിവസത്തെയും ഇടപാടുകൾ അടിസ്ഥാനമാക്കിയാണ്.
ഫലത്തിൽ, ബ്രോക്കറേജുകൾ റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ഉയർന്ന തുക ഫീസ് ഈടാക്കുകയും എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കുറഞ്ഞ ഫീസ് നൽകുകയുമാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സെബിയുടെ പുതിയ സർക്കുലർ.
ഇനിമുതൽ റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് പിരിക്കുന്ന അതേ ഫീസ് തന്നെ ബ്രോക്കറേജുകളിൽ നിന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വാങ്ങണമെന്നാണ് സർക്കുലറിലുള്ളത്. ഒക്ടോബർ ഒന്നിന് പുതിയ മാനദണ്ഡം പ്രാബല്യത്തിലാകും.