മുംബൈ: നികുതി ബാധ്യതയില്‍ ഇളവ് വരുത്താന്‍ സഹായിക്കുന്ന ഓഹരി അധിഷ്ടിത സേവിംഗ് സ്‌ക്കീമുകള്‍ (ഇഎല്‍എസ്എസ്) തുടങ്ങാന്‍ മ്യൂച്ച്വല്‍ ഫണ്ടുകളെ അനുവദിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവ് ഇറക്കി. ഇതുപ്രകാരം സൂചികകളില്‍ നിക്ഷേപമിറക്കുന്ന പാസ്സീവ് ഫണ്ടുകളാകണം ഇത്. വിപണി മൂല്യത്തില്‍ ആദ്യ 250 സ്ഥാനങ്ങളിലുള്ള കമ്പനി ഓഹരികളുടെ സൂചികകളിലായിരിക്കണം നിക്ഷേപമെന്നും സെബി നിഷ്‌ക്കര്‍ഷിക്കുന്നു.
പാസ്സീവ് ഫണ്ടുകളായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും , സൂചിക ഫണ്ടുകളും കൈകാര്യം ചെയ്യേണ്ട വിധം ചൂണ്ടിക്കാട്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കി. 80 ശതമാനം കോര്‍പറേറ്റ് ഡെബ്റ്റ് സെക്യൂരിറ്റികളെ കുറിക്കുന്ന സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടെങ്കില്‍ സെക്യൂരിറ്റി ഇഷ്യു ചെയ്യുന്ന കമ്പനി 15 ശതമാനം എഎഎ- റേറ്റിംഗുള്ള സെക്യൂരിറ്റികള്‍ പുറത്തിറക്കുന്നതായിരിക്കണം. എഎ റേറ്റിംഗുള്ള സെക്യൂരിറ്റികള്‍ 12.5 ശതമാനവും പുറത്തിറക്കണം. ഏക എ റേറ്റിംഗ് 10 ശതമാനത്തില്‍ കൂടുതലാകാനും പാടില്ല.
സങ്കരയിനം സൂചികകളെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളെങ്കില്‍ ( 80 ശതമാനം കോര്‍പ്പറേറ്റ് ബോണ്ടുകളും ബാക്കി സ്‌റ്റേറ്റ് ഡവലപ്പ്‌മെന്റ് ലോണുകളും ) ഒരു കമ്പനി പുറത്തിറക്കുന്ന എഎഎ റേറ്റിംഗുള്ള സെക്യൂരിറ്റികള്‍ 10 ശതമാനത്തിലധികമാകാന്‍ പാടില്ല. അതേസമയം പൊതുമേഖല സ്ഥാപനങ്ങളും പൊതു സാമ്പത്തിക സ്ഥാപനങ്ങളും പുറത്തിറക്കുന്ന എഎഎ റേറ്റിംഗ് സെക്യൂരിറ്റികളാണെങ്കില്‍ പരിധി 15 ശതമാനമാണ്. ഇതില്‍ എഎ റേറ്റിംഗ് പരിധി 8 ശതമാനവും ഏക എ റേറ്റിംഗ് പരിധി 6 ശതമാനവുമാണ്.
ഒരു കമ്പനിയുടെ 25 ശതമാനത്തില്‍ കൂടുതല്‍ വായ്പ സെക്യൂരിറ്റികളെ പ്രതിനിധാനം ചെയ്യുന്ന സൂചികകളിലും നിക്ഷേപം അനുവദിക്കില്ല. അതുപോലെ ഒരു മേഖലയില്‍ നിന്നും 25 ശതമാനത്തില്‍ കൂടുതല്‍ സെക്യൂരിറ്റികളും പാടില്ല. അതേസമയം സ്റ്റേറ്റ് സര്‍ക്കാറിന്റെ ബോണ്ടുകള്‍ക്കും മറ്റ് സര്‍ക്കാര്‍ ബോണ്ടുകള്‍ക്കും ഈ പരിധി ബാധകമാകില്ല.
25 കോടിയ്ക്ക് മുകളിലുള്ള ഇടപാട് മാത്രമേ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമായി നേരിട്ട് നടത്താനാകൂ. അതുപോലെ ഇടിഎഫുകളെക്കുറിച്ചും ഇന്‍ഡക്‌സ് ഫണ്ടുകളെക്കുറിച്ചും നിക്ഷേപകരെ ബോധവാന്മാരാക്കുന്നതിനുള്ള ചാര്‍ജ് കുറക്കാനും സെബി തീരുമാനിച്ചു.