
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അലഹബാദ് ബെഞ്ചിന് മുമ്പാകെ കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
കുശാഗ്ര ബജാജിന്റെ പ്രൊമോട്ടറായ ബജാജ് ഹിന്ദുസ്ഥാൻ ഷുഗറിന്, പ്രതിദിനം 136,000 ടൺ കരിമ്പ് പൊടിക്കാൻ ശേഷിയുള്ള 14 ഫാക്ടറികൾ സ്വന്തമായുണ്ട്. കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ ബജാജ് ഷുഗറിനെതിരെ എസ്ബിഐ എൻസിഎൽടിയെ സമീപിച്ചതായി നേരത്തെ ഒരു വാർത്താ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഹർജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
കമ്പനി 4,771 കോടി രൂപയുടെ തിരിച്ചടവ് വീഴ്ച്ച വരുത്തിയതായി വാർത്താ റിപ്പോർട്ട് സൂചിപ്പിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് രണ്ട് കടം പുനഃക്രമീകരിക്കൽ പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും അവ പരാജയപ്പെട്ടിരുന്നു. ജൂൺ പാദത്തിൽ, ബജാജ് ഷുഗർ 44.91 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 5.05 ശതമാനം ഇടിഞ്ഞ് 10.15 രൂപയിലെത്തി.