
മോസ്കൊ: റഷ്യയുടെ കേന്ദ്രബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് റഷ്യ (സിബിആർ) ചരിത്രത്തിലാദ്യമായി കരുതൽ ശേഖരത്തിൽ നിന്ന് സ്വർണം വിറ്റഴിക്കുന്നു. യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ യൂണിയനും അമേരിക്കയും പ്രഖ്യാപിച്ച ഉപരോധം റഷ്യൻ സമ്പദ്‍വ്യവസ്ഥയെ സാരമായി തളർത്തിയതിന്റെ പുതിയ തെളിവുമായി ഇത്.
ഉപരോധത്തെ തുടർന്ന് റഷ്യൻ എണ്ണക്കമ്പനികളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഉൾപ്പെടെ ഡിസ്കൗണ്ട് നിരക്കിൽ എണ്ണ വിൽക്കേണ്ടിവന്നതും തിരിച്ചടിയായി. എണ്ണക്കമ്പനികളുടെ വരുമാനത്തകർച്ചയും ഉപരോധങ്ങളും റഷ്യൻ സർക്കാരിന്റെ വരുമാനത്തെയും ബാധിച്ചു. റഷ്യൻ നാഷനൽ വെൽഫെയർ ഫണ്ടിന്റെ ആസ്തി 2022ലെ (യുദ്ധത്തിന് മുൻപ്) 113.5 ബില്യൻ ഡോളറിൽ നിന്ന് 2025 ആയപ്പോഴേക്കും കൂപ്പുകുത്തിയത് 51.6 ബില്യൻ ഡോളറിലേക്ക്.
നാഷനൽ വെൽഫെയർ ഫണ്ടിന്റെ കൈവശമുള്ള സ്വർണശേഖരം 405.7 ടണ്ണിൽനിന്ന് 57% ഇടിഞ്ഞ് 173.1 ടണ്ണിലുമെത്തി. ഈ ഗുരുതര സാഹചര്യത്തെ തുടർന്നാണ്, റഷ്യൻ സെൻട്രൽ ബാങ്കും കൈവശമുള്ള സ്വർണം വിറ്റഴിക്കാൻ തീരുമാനിച്ചത്. രാജ്യത്തെതന്നെ മറ്റു ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിക്ഷേപക കമ്പനികൾ എന്നിവയ്ക്കാണ് സ്വർണം വിൽക്കുന്നത്.
ഈ വർഷം 30 ബില്യൻ ഡോളർ വിലമതിക്കുന്ന 230 ടൺ സ്വർണമാണ് റഷ്യൻ സെൻട്രൽ ബാങ്ക് വിൽക്കുക. 2026ൽ കുറഞ്ഞത് 115 ടണ്ണും വിൽക്കുമെന്ന് കരുതുന്നു. ഇതിന് 15 ബില്യനോളം വിലയും വരും. വരുമാനം തകർന്നതിനാൽ സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് ചെലവുകൾ കഴിക്കേണ്ട സ്ഥിതിയിലേക്ക് ആദ്യമായാണ് റഷ്യൻ കേന്ദ്ര ബാങ്ക് എത്തുന്നത്. ഒരിക്കലും വിൽക്കേണ്ടിവരില്ലെന്ന് കേന്ദ്രബാങ്ക് ദശകങ്ങളായി കരുതിയ സമ്പത്തായിരുന്നു കരുതൽ സ്വർണശേഖരം.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ 300 ബില്യൻ ഡോളർ വരുന്ന ആസ്തികൾ യൂറോപ്യൻ യൂണിയനും മറ്റും മരവിപ്പിച്ചിരുന്നു. ഇതിൽ 243 ബില്യൻ ഡോളറും മരവിപ്പിച്ചത് യൂറോപ്യൻ രാഷ്ട്രങ്ങളാണ്. ഈ നടപടികളും റഷ്യയെ തളർത്തി. നവംബർ 14 വരെയുള്ള കണക്കുപ്രകാരം സ്വർണം ഉൾപ്പെടെ റഷ്യയുടെ മൊത്തം വിദേശനാണയ ശേഖരം 734.1 ബില്യൻ ഡോളറാണെന്ന് സിബിആറിന്റെ കണക്കുകൾ വ്യക്തമാക്കി.
അതേസമയം, റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ലാഭം (നെറ്റ് ഇൻകം) 2025 ജനുവരി-സെപ്റ്റംബർ കാലയളവിൽ 70% കൂപ്പുകുത്തിയെന്ന റിപ്പോർട്ടും പുറത്തുവന്നു. റഷ്യൻ എണ്ണയുടെ വിലയിടിവ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധം എന്നിവയാണ് പ്രധാന തിരിച്ചടി. 926 ബില്യൻ റൂബിളിൽ നിന്ന് 277 ബില്യൻ ഡോളറിലേക്കാണ് ലാഭത്തകർച്ച.






