വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചാണിത്. 2020 മാർച്ചിൽ 60.8 ശതമാനവും 2023 മാർച്ചിൽ 77.1 ശതമാനവുമായിരുന്നു 500 രൂപ നോട്ടുകളുടെ വിപണിവിഹിതം.

റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ വിപണിയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ് 500 രൂപ നോട്ടുകൾ കൂടിയത്. എണ്ണത്തിലും കൂടുതൽ 500 രൂപ നോട്ടുകളാണ്. 6,017.70 കോടി നോട്ടുകൾ.

2495.06 കോടിയുമായി രണ്ടാംസ്ഥാനം പത്തു രൂപ നോട്ടുകൾക്കും 2056.56 കോടിയുമായി മൂന്നാംസ്ഥാനം 100 രൂപ നോട്ടുകൾക്കുമാണ്.

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചതിനുപിന്നാലെയാണ് 500 രൂപ നോട്ടുകൾ കൂടിയത്. 2024 മാർച്ചിൽ 2000 രൂപ നോട്ടുകൾ മൊത്തം വിനിമയത്തിലുള്ള നോട്ടുകളുടെ 0.2 ശതമാനമായി ചുരുങ്ങി. 2023 മാർച്ചിലിത് 10.8 ശതമാനമായിരുന്നു.

2016-ൽ അന്ന് വിനിമയത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് വിപണിയിൽ വേഗത്തിൽ പണലഭ്യത ഉയർത്താനാണ് 2,000 രൂപ നോട്ട് പുറത്തിറക്കിയതെന്ന് ആർ.ബി. ഐ. പറയുന്നു.

ഇപ്പോൾ വിപണിയിൽ ചെറിയ തുകകളുടെ കറൻസി ആവശ്യത്തിനു ലഭ്യമാണ്. അതുകൊണ്ടുതന്നെ 2018-19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നെന്ന് ആർ.ബി.ഐ. വ്യക്തമാക്കുന്നു.

2000 രൂപ നോട്ടുകൾക്ക് ഇപ്പോഴും നിയമപ്രാബല്യമുണ്ട്. ഇത് വിപണിയിൽനിന്നു പിൻവലിക്കുന്ന നടപടികൾ തുടരുകയാണ്. ഇതിനകം 97.7 ശതമാനം നോട്ടും തിരിച്ചെത്തി.

അച്ചടിച്ച 2000 രൂപ നോട്ടുകളിൽ 89 ശതമാനത്തിന്റെയും കാലപരിധി അവസാനിച്ചതായും ആർ.ബി. ഐ. പറയുന്നു. 4.10 കോടി നോട്ടുകൾ മാത്രമാണ് ഇനി വിപണിയിൽ അവശേഷിക്കുന്നത്.

2023-24 സാമ്പത്തികവർഷം വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 3.9 ശതമാനത്തിന്റെയും എണ്ണത്തിൽ 7.8 ശതമാനത്തിന്റെയും വളർച്ചയുണ്ടായി. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 34.78 ലക്ഷം കോടി രൂപയുടെ കറൻസിയാണ് വിപണിയിലുള്ളത്.

അഞ്ചുവർഷത്തിനിടെ പത്തുലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. 2020 മാർച്ചിൽ വിനിമയത്തിലുള്ള കറൻസി 24.21 ലക്ഷം കോടി രൂപയുടേതായിരുന്നു.

2022-23 കാലത്ത് എണ്ണത്തിൽ 7.8 ശതമാനത്തിന്റെയും മൂല്യത്തിൽ 4.8 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു.

രണ്ടുരൂപ, അഞ്ചു രൂപ, 2000 രൂപ നോട്ടുകളുടെ അച്ചടി പൂർണമായി നിർത്തി.

X
Top